റഷ്യ പിടിച്ചെടുത്ത യുക്രൈന്‍ നഗരങ്ങളെ മോചിപ്പിക്കുന്നതിനായുള്ള പ്രത്യാക്രമണങ്ങള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് വ്ലാഡിമാര്‍ സെലന്‍സ്കി. ജര്‍മ്മന്‍ ചാന്‍സിലറുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുമെന്നു ചാന്‍സിലര്‍ ഒലഫ് ഷോള്‍സര്‍ വ്യക്തമാക്കി.
“റഷ്യന്‍ പ്രദേശങ്ങള്‍ ആക്രമിച്ച് കീഴ്പ്പെടുത്താന്‍ യുക്രൈന് പദ്ധതിയില്ല. എന്നാല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈന്‍ നഗരങ്ങള്‍ പ്രത്യാക്രമണത്തിലൂടെ തിരിച്ചു പിടിക്കും”- സെലന്‍സ്കി പറഞ്ഞു. നിയമവിരുദ്ധമായി റഷ്യ കൈപ്പിടിയിലൊതുക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മന്‍ ചാന്‍സിലര്‍ക്കു പുറമേ ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മറ്റരെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയ, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുമായും സെലന്‍സ്കി കൂടിക്കാഴ്ച നടത്തി.
അതേസമയം, 2.7 മില്യണ്‍ യൂറോയുടെ ആയുധ സഹായം യുക്രൈന് നല്‍കാന്‍ തീരുമാനിച്ചതായി ഷോള്‍സര്‍ അറിയിച്ചു. റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ കഴിയുന്ന ജര്‍മ്മന്‍ ലെപ്പാര്‍ഡ് ടാങ്കുകള്‍ തുടങ്ങിയ ആയുധങ്ങളാണ് യുക്രൈന് ജര്‍മ്മനി കൈമാറുന്നത്. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന ഏറ്റവും വലിയ ആയുധ സഹായമാണ് ജര്‍മ്മനിയുടേതെന്ന് സെലന്‍സ്കി പറഞ്ഞു.