ധാന്യവും സണ്‍ഫ്‌ളര്‍ ഓയിലും വഹിക്കുന്ന നാല് കപ്പലുകള്‍ കൂടി യുക്രെയ്ന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ടു. റഷ്യയുടെ ഉപരോധം മൂലം ദശലക്ഷക്കണക്കിന് ടണ്‍ ധാന്യം യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് മറ്റ് രാജ്യങ്ങളില്‍ ക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും കാരണാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച യുക്രൈന്‍ തീരത്തു നിന്നുള്ള ആദ്യ കപ്പല്‍ യുക്രെയ്‌നിലെ തുറമുഖത്തു നിന്ന് പുറപ്പെട്ടു.
റഷ്യയുമായും ഐക്യരാഷ്ട്രസഭയുമായും ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് യുക്രൈന്‍ തീരത്തു നിന്ന് കപ്പലുകള്‍ നീങ്ങിത്തുടങ്ങിയത്. ഒഡെസ, ചൊര്‍ണോമോര്‍സ്‌ക് തുറമുഖങ്ങളില്‍ നിന്ന് ഞായറാഴ്ച പുറപ്പെട്ട കപ്പലുകള്‍ ബോസ്ഫറസ് കടലിടുക്കിലൂടെ സഞ്ചരിച്ച് തുര്‍ക്കിയിലെത്തും. പരിശോധനകള്‍ക്ക് ശേഷം, രണ്ടെണ്ണം തുര്‍ക്കിയില്‍ ഡോക്ക് ചെയ്യുകയും മറ്റുള്ളവ ഇറ്റലിയിലേക്കും ചൈനയിലേക്കും പോവുകയും ചെയ്യും.
കഴിഞ്ഞ മാസം തുര്‍ക്കിയും യുഎന്നും ഇടനിലക്കാരനായ ഒരു കരാര്‍ പ്രകാരം, യുക്രൈനിലെ കപ്പലുകളെ ടാര്‍ഗെറ്റ് ചെയ്യുകയില്ലെന്ന് റഷ്യ സമ്മതിച്ചിരുന്നു. 120 ദിവസത്തേയ്ക്ക് ഒപ്പിട്ടിരിക്കുന്ന കരാര്‍, ഇരുപക്ഷവും സമ്മതിച്ചാല്‍ വീണ്ടും പുതുക്കാവുന്നതാണ്.
യുക്രേനിയന്‍ തുറമുഖങ്ങളില്‍ റഷ്യ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഫലമായി ഇരുപത് ദശലക്ഷം ടണ്‍ ധാന്യം രാജ്യത്ത് കുടുങ്ങിക്കിടക്കുകയാണ്. കരാര്‍ നിലനില്‍ക്കുകയാണെങ്കില്‍, യുക്രെയ്ന്‍ പ്രതിമാസം മൂന്ന് ദശലക്ഷം ടണ്‍ വരെ ധാന്യം കയറ്റുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഭക്ഷ്യ പ്രതിസന്ധി ലഘൂകരിക്കാനും കയറ്റുമതി സഹായിക്കുമെന്നാണ് പ്രതീക്ഷ. കയറ്റുമതി പുനരാരംഭിക്കുന്നതിനെ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സ്വാഗതം ചെയ്തെങ്കിലും സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.