അധിനിവേശ തെക്കന്‍ മേഖലയായ കെര്സണിലേക്ക് തങ്ങളുടെ സൈന്യം പടിപടിയായി മുന്നേറുകയാണെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ഡിനിപ്രോ നദിയുടെ പടിഞ്ഞാറ് തന്ത്രപ്രധാനമായ ഒരു സ്ഥലത്ത്് സ്ഥിതി ചെയ്യുന്ന കെര്‍സണ്‍ നഗരം യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യയുടെ കീഴിലായതാണ്. ശനിയാഴ്ച, യുകെ പ്രതിരോധ ഉദ്യോഗസ്ഥര്‍ കെര്സണിനടുത്ത് കനത്ത പോരാട്ടം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
യുക്രേനിയന്‍ മുന്നേറ്റം അര്‍ത്ഥമാക്കുന്നത് നദിയുടെ പടിഞ്ഞാറുള്ള റഷ്യന്‍ സൈന്യം കൂടുതല്‍ അപകടസാധ്യതയിലാണെന്നാണ്. ഈ പ്രത്യാക്രമണത്തിനിടെ നഗരത്തില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ എത്രയും വേഗം നഗരം ഒഴിയാന്‍ യുക്രെയ്നിന്റെ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് കെര്‍സണ്‍ നിവാസികളോട് ഈ മാസം ആദ്യം അഭ്യര്‍ത്ഥിച്ചിരുന്നു.
സെപ്റ്റംബറോടെ ഈ പ്രദേശം തീര്‍ച്ചയായും റഷ്യയുടെ കൈയ്യില്‍ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് കെര്‍സണ്‍ ഗവണ്മെന്റിന്റെ ഉപദേഷ്ടാവായ സെര്‍ഹി ഖ്ലാന്‍ യുക്രേനിയന്‍ ടെലിവിഷനോട് പറഞ്ഞു.
കൈവ് സൈന്യം ഇപ്പോള്‍ മേഖലയിലെ നദീതടങ്ങളാണ് ലക്ഷ്യമിടുന്നത്. ശനിയാഴ്ച, ഡിനിപ്രോയുടെ പോഷകനദിയായ ഇന്‍ഹുലെറ്റ്സ് നദിക്ക് കുറുകെയുള്ള ഡാരിവ്സ്കി പാലത്തില്‍ ഒരു പീരങ്കി ആക്രമണം ഉണ്ടായി. ചൊവ്വാഴ്ച, യുഎസ് വിതരണം ചെയ്ത പീരങ്കികള്‍ ഉപയോഗിച്ച് അവര്‍ ഡിനിപ്രോയ്ക്ക് മുകളിലൂടെയുള്ള അന്റോണിവ്സ്കി പാലത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തി.
അതേസമയം, മേഖലയിലെ ആയിരത്തോളം റഷ്യന്‍ സൈനികരെ യുക്രേനിയന്‍ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് സെലെന്‍സ്കിയുടെ മുതിര്‍ന്ന പ്രതിരോധ ഉപദേഷ്ടാവ് അവകാശപ്പെട്ടു.