യുക്രെയ്നിലെ യുദ്ധം ആരംഭിച്ചത് ക്രിമിയയില്‍ നിന്നാണെന്നും അതിന്റെ വിമോചനത്തോടെ വേണം യുദ്ധം അവസാനിക്കാനെന്നും യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. റഷ്യന്‍ വ്യോമതാവളത്തില്‍ സ്ഫോടനം നടന്ന് ഒരാള്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
അതേസമയം റഷ്യന്‍ വ്യോമതാവളത്തില്‍ നടന്ന സ്ഫോടനങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. എന്നാല്‍ ക്രിമിയന്‍ ഉപദ്വീപിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ‘യുക്രെയ്നിനെതിരായ റഷ്യന്‍ യുദ്ധം ആരംഭിച്ചത് ക്രിമിയയുടെ അധിനിവേശത്തോടെയാണെന്ന് ഞങ്ങള്‍ മറക്കില്ല. ഈ റഷ്യന്‍ യുദ്ധം, ക്രിമിയയില്‍ തുടങ്ങി, ക്രിമിയയില്‍ തന്നെ അവസാനിക്കണം, അതിന്റെ വിമോചനത്തോടെ. ക്രിമിയ യുക്രേയ്ന്റെ ഭാഗമാണ്. ഞങ്ങള്‍ അത് ഒരിക്കലും ഉപേക്ഷിക്കില്ല’. സെലന്‍സ്കി പറഞ്ഞു.
ക്രിമിയ ഔദ്യോഗികമായി യുക്രെയ്നിന്റെ ഭാഗമാണെങ്കിലും ഒരു ഹിതപരിശോധനയ്ക്ക് ശേഷം 2014-ല്‍ റഷ്യ അത് പിടിച്ചെടുത്തു. റഷ്യയുമായുള്ള യുദ്ധത്തിന്റെ തുടക്കമായാണ് പല യുക്രേനിയക്കാരും അതിനെ കാണുന്നത്. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് യുക്രെയ്ന് ഈ ഉപദ്വീപ് തിരിച്ചുപിടിക്കണമെന്ന് താന്‍ വിശ്വസിക്കുന്നതായാണ് മിസ്റ്റര്‍ സെലെന്‍സ്കിയുടെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്.
ക്രിമിയയുടെ പടിഞ്ഞാറ് നോവോഫെഡോറിവ്കയ്ക്ക് സമീപമുള്ള സാക്കി സൈനിക താവളത്തിലാണ് ചൊവ്വാഴ്ച സ്ഫോടന പരമ്പരയുണ്ടായത്. റഷ്യന്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ കടല്‍ത്തീര റിസോര്‍ട്ടുകള്‍ക്ക് സമീപമായിരുന്നു അത്.
സ്ഫോടനങ്ങളെത്തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫൂട്ടേജുകളില്‍ കാണാം. കുറഞ്ഞത് 12 സ്ഫോടനങ്ങളെങ്കിലും കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ക്രിമിയയുടെ റഷ്യന്‍ നിയമിത ആരോഗ്യ വകുപ്പ് അറിയിച്ചു.
സ്ഫോടനത്തിന് പിന്നില്‍ യുക്രെയ്നാണെന്ന ആരോപണം, യുക്രേനിയന്‍ പ്രസിഡന്‍ഷ്യല്‍ സഹായി മൈഖൈലോ പോഡോലിയാക് നിഷേധിച്ചു.