Sunday, November 24, 2024

യുദ്ധവിവരങ്ങള്‍ ചോര്‍ന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാന്‍ യുക്രൈന്‍

പെന്റഗണില്‍ നിന്ന് പ്രധാന യുദ്ധവിവരങ്ങള്‍ ചോര്‍ന്നതോടെ യുദ്ധതന്ത്രം മാറ്റി പ്രയോഗിക്കാന്‍ യുക്രൈന്‍. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന് നാറ്റോ എത്തിച്ചു നല്‍കുന്ന സായുധ, സാമ്പത്തിക സഹായങ്ങള്‍ അടക്കമുള്ള വിവരങ്ങളാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പില്‍ നിന്ന് ചോര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായ രഹസ്യ വിവര ചോര്‍ച്ച നുണയാണെന്നും യുക്രൈന്‍ യുദ്ധത്തെ ബാധിക്കുന്ന ഒരു ചോര്‍ച്ചയും ഉണ്ടായിട്ടില്ല എന്നുമായിരുന്നു വാദം.

വിവര ചോര്‍ച്ച എന്ന നിലയില്‍ റഷ്യ നടത്തുന്ന ഫോട്ടോഷോപ്പ് യുദ്ധമാണ് ഇതെന്നും യുക്രൈന്‍ പരിഹാസം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ചോര്‍ച്ചയെ തുടര്‍ന്ന് യുദ്ധതന്ത്രം യുക്രൈന്‍ മാറ്റുമെന്നാണ് പുറത്തുവരുന്ന സൂചന. യുദ്ധത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികരുടെയും സിവിലിയന്‍സിന്റെയും എണ്ണത്തിലും വൈരുധ്യം പുറത്തുകൊണ്ടു വരുന്നതാണ് രഹസ്യ വിവര ചോര്‍ച്ച.

ചോര്‍ന്ന ക്ലാസിഫൈഡ് വിവരങ്ങളില്‍ അമേരിക്ക, സഖ്യകക്ഷികളായ സൗത്ത് കൊറിയയില്‍ നിന്നടക്കം ചോര്‍ത്തിയ വിവരങ്ങളും ഉണ്ടെന്നാണ് സൂചന. സഖ്യകക്ഷികള്‍ക്ക് മേല്‍ നടക്കുന്ന അമേരിക്കന്‍ ചാരപ്പണിയില്‍ അവര്‍ വിമര്‍ശനം ഉയര്‍ത്തിയാല്‍ പ്രശ്‌നം വഷളായേക്കും. പെന്റഗണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതിലുള്ള ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത ജനങ്ങള്‍ വിമര്‍ശനവിധേയമാക്കുമെന്ന ആശങ്ക അമേരിക്കക്കുമുണ്ട്. വിവര ചോര്‍ച്ച സ്ഥിരീകരിക്കുന്ന വിധത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രതിരോധവകുപ്പ്.

 

Latest News