യുക്രെയ്‌നിലെ സപ്പോരിജിയ ആണവ നിലയത്തിലേയ്ക്ക് വീണ്ടും ദേശീയ ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങിയതായി യുഎന്‍ ആണവ നിരീക്ഷണ വിഭാഗം അറിയിച്ചു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന നാല് പ്രധാന ബാഹ്യ വൈദ്യുതി ലൈനുകളില്‍ ഒന്നാണ് നന്നാക്കിയത്. ഇതോടെയാണ് ദേശീയ ഗ്രിഡില്‍ നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിക്കാന്‍ സാധിച്ചത്.
പ്രദേശത്ത് അടുത്തിടെ നടന്ന ഷെല്ലാക്രമണത്തില്‍ പ്ലാന്റുമായി ബന്ധിപ്പിച്ചിരുന്ന വൈദ്യുതി ലൈനുകള്‍ തകര്‍ന്നിരുന്നു. കൂടാതെ അതിന്റെ ആറ് റിയാക്ടറുകളും ഷട്ട്ഡൗണ്‍ അവസ്ഥയിലായിരുന്നു. ഇപ്പോള്‍ വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള പ്ലാന്റിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകടാവസ്ഥയിലാണെന്ന് ഐഎഇഎ പറയുന്നു.
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ നിന്നുള്ള ആണവ വിദഗ്ധരുടെ ഒരു സംഘം ഈ മാസം ആദ്യം യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയ സന്ദര്‍ശിച്ചിരുന്നു. ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സുരക്ഷാ പരിശോധനയ്ക്കായി യുക്രെയ്‌നില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം.