Tuesday, April 15, 2025

യുക്രൈന്‍ യുദ്ധത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും പ്രഹരമേല്‍ക്കേണ്ടി വരും; മുന്നറിയിപ്പുമായി പുടിന്‍

യുക്രൈന്‍ യുദ്ധത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും മിന്നല്‍ വേഗത്തിലുള്ള പ്രതികരണം നേരിടേണ്ടിവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി.

‘ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധത്തില്‍ എല്ലാ ഉപകരണങ്ങളും ഞങ്ങളുടെ പക്കലുണ്ട്, ആവശ്യം വന്നാല്‍ ഞങ്ങള്‍ അവ ഉപയോഗിക്കും’. ബാലിസ്റ്റിക് മിസൈലുകളേയും ആണവായുധങ്ങളേയും കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പുടിന്‍ പറഞ്ഞു.

ബുധനാഴ്ച വടക്കന്‍ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യന്‍ നിയമനിര്‍മ്മാതാക്കളോട് സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുറത്തുനിന്നുള്ള ആരെങ്കിലും യുക്രെയ്‌നില്‍ ഇടപെടാനും റഷ്യയ്ക്ക് തന്ത്രപരമായ ഭീഷണികള്‍ സൃഷ്ടിക്കാനും ശ്രമിച്ചാല്‍, നമ്മുടെ പ്രതികരണം മിന്നല്‍ വേഗത്തിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തില്‍ കൂടുതല്‍ ഇടപെടരുതെന്ന് യുക്രെയ്‌നിന്റെ സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള പുടിന്റെ ശ്രമമാണ് ഇത്തരം ഭീഷണികളെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

യുക്രൈന്‍ റഷ്യയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പ് വരുത്തുമെന്ന് യുഎസ് പ്രതിജ്ഞയെടുത്തതോടെ യുക്രെയ്‌നിന്റെ മറ്റ് സഖ്യകക്ഷികളും ആയുധ വിതരണം ശക്തമാക്കിയിരുന്നു. പക്ഷേ കിഴക്കന്‍ മേഖലയിലെ തങ്ങളുടെ ശ്രമങ്ങളെ റഷ്യ തടസ്സപ്പെടുത്തുകയാണെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച, തലസ്ഥാനമായ കീവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കാന്‍ റഷ്യ വലിയ ആക്രമണം ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, റഷ്യന്‍ സേനയ്ക്ക് യുക്രേനിയന്‍ പ്രതിരോധത്തെ മറികടക്കാന്‍ പ്രയാസമാണ്. അവര്‍ അവിടെ ഏറെ നഷ്ടം സഹിക്കുന്നുണ്ട്.

ഇതിനിടെ പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കും ഗ്യാസ് കയറ്റുമതി നിര്‍ത്തിക്കൊണ്ട് റഷ്യ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ ആരോപിച്ചു. റഷ്യയുടെ അവിശ്വാസ്യതയാണ് ഇത് കാണിക്കുന്നതെന്ന് കമ്മീഷന്റെ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

പോളണ്ടും ബള്‍ഗേറിയയും റഷ്യന്‍ റൂബിളില്‍ ഗ്യാസിനായി പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗാസ്പ്രോമിന്റെ ഗ്യാസ് വിതരണം നിര്‍ത്തിയത്. പാശ്ചാത്യ ഉപരോധങ്ങളാല്‍ തകര്‍ന്ന കറന്‍സിയെ ഉയര്‍ത്താനായി രൂപകല്‍പ്പന ചെയ്ത നയമാണ് റൂബിളില്‍ പണം നല്‍കണമെന്നത്. ഇത് മറ്റ് രാജ്യങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

 

Latest News