Friday, April 11, 2025

‘യുദ്ധം അവസാനിപ്പിക്കുന്നതിന് ഫെബ്രുവരി 23 ലെ സ്ഥിതിഗതികള്‍ വീണ്ടെടുക്കുകയാണ് വേണ്ടത്’; സെലന്‍സ്‌കി

റഷ്യയുമായുള്ള ഏത് സമാധാന ഉടമ്പടിയും യുദ്ധമേഖലയില്‍ നിന്നുള്ള റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി, ഒരു ലണ്ടന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തന്റെ രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിതെന്നും സെലെന്‍സ്‌കി പറഞ്ഞു.

‘റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഫെബ്രുവരി 23 ലെ സ്ഥിതിഗതികള്‍ വീണ്ടെടുക്കുകയാണ് വേണ്ടത്’. യുദ്ധം ആരംഭിക്കുന്നതിന്റെ തലേദിവസത്തെ പരാമര്‍ശിച്ച് ബിബിസിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതിനായി റഷ്യയും യുക്രെയ്നും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച പുനരാരംഭിക്കണമെന്നും മിസ്റ്റര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.

‘യുക്രെയ്‌നിലെ ജനങ്ങള്‍ എന്നെ യുക്രെയ്‌നിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഏതെങ്കിലും തരത്തിലുള്ള ഒരു മിനി യുക്രെയ്‌നിന്റെ പ്രസിഡന്റായിട്ടല്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെയ് 9 ന് യുക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെ ക്ഷണിക്കുന്നതായി മിസ്റ്റര്‍ സെലെന്‍സ്‌കി പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിലെ സോവിയറ്റ് ത്യാഗത്തെ റഷ്യ അനുസ്മരിക്കുന്ന ദിവസം ജര്‍മ്മന്‍ നേതാവിന്റെ യുക്രെയ്‌നിലെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരിക്കും.

മരിയുപോള്‍ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ ഇപ്പോള്‍. യുക്രേനിയന്‍ സൈന്യം തെക്ക്-കിഴക്കന്‍ നഗരത്തിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ വര്‍ക്കുകളില്‍ ചില സിവിലിയന്മാരോടൊപ്പം ഇപ്പോഴും ഉണ്ട്. അവിടം ഇപ്പോഴും ഉഗ്രമായ റഷ്യന്‍ ആക്രമണത്തിന് വിധേയമാണ്. രണ്ട് മാസത്തെ യുദ്ധത്തില്‍ റഷ്യയുടെ ഏറ്റവും വലിയ നേട്ടമായാണ് മരിയുപോളിനെ കണക്കാക്കുന്നത്.

യുഎന്‍, റെഡ് ക്രോസ് എന്നിവ ഏകോപിപ്പിച്ച ഒരു ഓപ്പറേഷനില്‍ വെള്ളിയാഴ്ച മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ വര്‍ക്കില്‍ നിന്ന് 11 കുട്ടികള്‍ ഉള്‍പ്പെടെ 50 സാധാരണക്കാരെ ഒഴിപ്പിച്ചതായി യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അറിയിച്ചു. സോവിയറ്റ് കാലഘട്ടത്തിലെ തുരങ്കങ്ങളിലും വിശാലമായ ഫാക്ടറിക്ക് താഴെയുള്ള ബങ്കറുകളിലും കൂടുതല്‍ പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതപ്പെടുന്നു. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് പ്ലാന്റില്‍ പകല്‍ വെടിനിര്‍ത്തല്‍ റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുക്രൈന് 150 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായം പ്രഖ്യാപിച്ചു. ആര്‍ട്ടിലറി റൗണ്ടുകള്‍, ശത്രുക്കളുടെ തീയുടെ ഉറവിടം കണ്ടെത്താന്‍ ഉപയോഗിക്കുന്ന കൗണ്ടര്‍ ആര്‍ട്ടിലറി റഡാറുകള്‍, ഇലക്ട്രോണിക് ജാമിംഗ് ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവ സഹായത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

Latest News