Tuesday, November 26, 2024

അമേരിക്കയുടെ നടപടി യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് റഷ്യ

യുക്രെയ്‌നെ സൈനികമായി സഹായിക്കുന്ന അമേരിക്കയുടെ നടപടി റഷ്യയും പാശ്ചാത്യശക്തികളും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനത്തോളി ആന്റനോവ് ഭീഷണി മുഴക്കി.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരീസും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി സൈനിക സഹകരണം സംബന്ധിച്ചു ചര്‍ച്ച നടത്തുകയും 62.5 കോടി ഡോളറിന്റെ സഹായംകൂടി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണിത്.

അമേരിക്കയുടെ നടപടികള്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുന്നതിനു തുല്യമാണെന്ന് റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. പ്രകോപനപരമായ നടപടികള്‍ അമേരിക്ക ഉടന്‍ നിര്‍ത്തണമെന്നു റഷ്യ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഇതുവരെ 1700 കോടി ഡോളറിന്റെ സഹായമാണു യുക്രെയ്‌നു നല്കിയിട്ടുള്ളത്. റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള യുക്രെയ്ന്റെ പോരാട്ടത്തില്‍ അമേരിക്കന്‍ ആയുധങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

 

Latest News