Tuesday, November 26, 2024

യുക്രെയ്നിലെ ഒഡേസയ്ക്കു സമീപം റഷ്യന്‍ മിസൈലാക്രണം; 21 പേര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ പട്ടാളം യുക്രെയ്‌നിലെ ചെറു പട്ടണമായ സെര്‍ഹിവ്കയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഒഡേസ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.

പാര്‍പ്പിട സമുച്ചയങ്ങളിലാണു മിസൈല്‍ പതിച്ചത്. മരിച്ചവരില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടുന്നതായി യുക്രെയ്ന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആറു കുട്ടികളും ഒരു ഗര്‍ഭിണിയും അടക്കം 38 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡേസയ്ക്ക് അടുത്തുള്ള സ്‌നേക് ദ്വീപില്‍നിന്നു റഷ്യന്‍ പട്ടാളം പിന്‍വാങ്ങിയതിന്റെ പിറ്റേന്നാണ് ഈ ആക്രമണം. റഷ്യയുടെ പിന്മാറ്റത്തോടെ ഒഡേസ മേഖല സുരക്ഷിതമാണെന്നായിരുന്നു നിഗമനം.

ഇതിനിടെ, കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസില്‍ റഷ്യന്‍ പട്ടാളം കനത്ത ആക്രമണം തുടരുകയാണ്. ലുഹാന്‍സ് പ്രവിശ്യയില്‍ റഷ്യക്കു കീഴടങ്ങാതെ തുടരുന്ന അവസാന നഗരമായ ലിസിച്ചാന്‍സ്‌ക് കേന്ദ്രീകരിച്ചാണ് ആക്രമണം.

അതേസമയം, ലിസിച്ചാന്‍സ്‌കിലെ എണ്ണ ശുദ്ധീകരണശാല പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. നേരത്തേ, റിഫൈനറിയിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറിയതായി ലുഹാന്‍സ്‌ക് ഗവര്‍ണര്‍ ഹെര്‍ഹി ഹെയ്‌ദൈ അറിയിച്ചിരുന്നു.

Latest News