തകര്‍ന്നു കിടക്കുന്ന തെരുവ്. ചുറ്റും കുപ്പിച്ചില്ലുകളും മറ്റു അവശിഷ്ടങ്ങളും. അതൊന്നും വകവയ്ക്കാതെ ആ പിതാവ് കൊല്ലപ്പെട്ട മകന്റെ കൈകളില്‍ പിടിച്ചു പ്രാര്‍ത്ഥിക്കുകയാണ്… രണ്ടു മണിക്കൂറുകളോളം നീണ്ട ആ പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്ന പോലീസുകാര്‍. ലോക മനസാക്ഷിയെ പിടിച്ചു കുലുക്കിയ, കണ്ണീരിലാഴ്ത്തിയ ഉക്രൈനില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇത്. ഖാര്‍കിവ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിമൂന്നുകാരന്റെ പിതാവിന്റെ കണ്ണുനീര് ലോകമനഃസാക്ഷിക്കു മുന്നില്‍ വലിയ ഒരു ചോദ്യചിഹ്നമായി മാറുകയാണ് ഇന്ന്.
ജൂലൈ 20 -നാണ് ഉക്രൈനിലെ ഖാര്‍കിവ് എന്ന സ്ഥലത്ത് റഷ്യയുടെ മിസൈല്‍ ആക്രമണം നടക്കുന്നത്. ആക്രമണത്തില്‍ ബസ്റ്റോപ്പില്‍ നിന്നിരുന്ന ദമ്പതികളും പതിമൂന്നു വയസുകാരനായ കൗമാരക്കാരനും കൊല്ലപ്പെട്ടു. കൂടാതെ ഈ കുട്ടിയുടെ സഹോദരിക്കും പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട കൗമാരക്കാന്റെ പിതാവ് ആ മൃതദേഹത്തിന് അരികില്‍ രണ്ടു മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ആയിരുന്നു. ഈ വാര്‍ത്തയും ചിത്രങ്ങളും യുഎസിലെ ഉക്രേനിയന്‍ അംബാസഡര്‍ ഒക്സാന മാര്‍ക്കറോവ ആണ് ട്വിറ്റര്‍ വഴി പുറത്തു വിട്ടത്.
അടുത്തിടെ റഷ്യ ഉക്രൈനില്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. സമാധാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം ജനതയുടെ നിലവിളിയുടെ പ്രതിഫലനമായി മാറുകയാണ് ഈ അച്ഛനും മകനും. മകന്റെ മൃതദേഹത്തിനരില് നിശബ്ദനായി പ്രാര്‍ത്ഥനയില്‍ നിലകൊള്ളുകയാണ് ആ പിതാവ്. അദ്ദേഹത്തിന്റെ മൗനം പോലും യുദ്ധത്തിനെതിരായുള്ള ആയുധമായി മാറുകയാണ്. സമാധാനത്തിനുള്ള പ്രാര്‍ത്ഥനയായി മാറുകയാണ് ആ പിതാവിന്റെ പ്രാര്‍ത്ഥന.
മരിയ ജോസ്