Wednesday, November 27, 2024

റഷ്യ ചെയ്ത അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും; വികാരാധീനനായി യുഎസ് വക്താവ് ജോണ്‍ കിര്‍ബി

യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അധാര്‍മ്മികമായി പ്രവര്‍ത്തിച്ചുവെന്ന് യുഎസ് പ്രതിരോധ വകുപ്പ്. ധര്‍മ്മനിഷ്ഠനായ ഒരാള്‍ക്ക് റഷ്യ ചെയ്ത അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ചോദിച്ചുകൊണ്ട് യുഎസ് വക്താവ് ജോണ്‍ കിര്‍ബി വികാരാധീനനാവുകയും ചെയ്തു.

റഷ്യക്കാരെയും യുക്രെയ്നെയും നാസിസത്തില്‍ നിന്ന് സംരക്ഷിക്കുന്നു എന്ന പുടിന്റെ അധിനിവേശത്തിന്റെ ന്യായീകരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. ‘യുക്രെയ്നിനുള്ളില്‍ പുടിന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്, നിരപരാധികളായ ആളുകളെ കൈകള്‍ കെട്ടിയിട്ട് തലയുടെ പിന്നില്‍ വെടിവെച്ച്, കൊല്ലുക എന്നതാണ്’. അദ്ദേഹം പറഞ്ഞു.

പുടിനുമായി സമാധാന ചര്‍ച്ചകള്‍ക്ക് താന്‍ ഇപ്പോഴും തയ്യാറാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ റഷ്യന്‍ ആക്രമണത്തിനിടയില്‍ അത് സാധ്യമാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ ‘ഒറ്റ മനുഷ്യനാണ് എല്ലാം തീരുമാനിക്കുന്നത്’ എന്നതിനാല്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് പോളിഷ് മാധ്യമങ്ങളോട് സംസാരിച്ച സെലെന്‍സ്‌കി പറഞ്ഞു.

എന്നാല്‍ റഷ്യന്‍ സൈന്യം അധിനിവേശ പ്രദേശങ്ങളില്‍ അവശേഷിപ്പിച്ച നാശം ചര്‍ച്ചകളെ ദുര്‍ബലമാക്കിയതായി അദ്ദേഹം പറഞ്ഞു. ബുച്ചയ്ക്കും മരിയുപോളിനും സംഭവിച്ചവയ്ക്കുശേഷം ആളുകള്‍ റഷ്യയോട് കടുത്ത വിദ്വേഷത്തിലാണ്. അത്തരമൊരു മനോഭാവം ഉള്ളപ്പോള്‍, കൂടിക്കാഴ്ച നടത്താനും സംസാരിക്കാന്‍ പ്രയാസമാണ്’. സെലന്‍സ്‌കി പറഞ്ഞു.

യുക്രൈന് കൂടുതല്‍ യുഎസ് സഹായം

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നിന് സൈനിക, സാമ്പത്തിക, മാനുഷിക സഹായത്തിനായി 33 ബില്യണ്‍ ഡോളര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും വേഗം ഇത് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

Latest News