യുക്രെയ്നിൽ സമാധാനം പുന:സ്ഥാപിക്കാൻ ഇന്ത്യയുടെ സേവനങ്ങളെ സ്വാഗതം ചെയ്യുന്നതായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് മാത്യു മില്ലർ. യുക്രൈയ്ന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിച്ചുകൊണ്ട്, നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിൽ ഇന്ത്യയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ വഹിക്കാനാകുന്ന പങ്കിനെ അമേരിക്ക സ്വാഗതം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതോടെ ഇന്ത്യ സമാധാനപാലകരെന്ന് വീണ്ടും ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് യുഎസ്.
യുക്രെയ്ൻ അധിനിവേശം റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ പരാജയം ആണെന്ന് മാത്യു മില്ലർ ചൂണ്ടിക്കാട്ടുന്നു. റഷ്യയ്ക്ക് നിരവധി സൈനിക ഉദ്യോഗസ്ഥരെയും ആയുധങ്ങളും നഷ്ടപ്പെട്ടു. അധിനിവേശത്തിന്റെ ആരംഭം മുതൽ യുക്രെയ്ന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ യുഎസ് സ്വാഗതം ചെയ്യുന്നതായും സമാധാനം പുന:സ്ഥാപിക്കാൻ ഇന്ത്യയുടെ സേവനങ്ങളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം, റഷ്യയുടെ ലോകത്തുള്ള അവരുടെ നിലയെ തന്നെ ബാധിച്ചു. വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും കാരണം സമ്പദ്വ്യവസ്ഥ തകർന്നതായും മില്ലർ കുറ്റപ്പെടുത്തി.
അതേസമയം,പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുക്രൈയ്നിലെ സംഘർഷത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും അതിന്റെ ‘ഭയങ്കരവും ദാരുണവുമായ’ മാനുഷിക പ്രത്യാഘാതങ്ങളിൽ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ തത്വങ്ങൾ, പ്രദേശിക സമഗ്രത, പരമാധികാരം എന്നിവയെ ബഹുമാനിക്കണമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.