യുക്രേനിയന്‍ സൈന്യം പ്രത്യാക്രമണം തുടരുന്നതിനാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്തതായി പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കി പറഞ്ഞു. കിഴക്കും തെക്കുമായി സെപ്റ്റംബറില്‍ മാത്രം റഷ്യന്‍ നിയന്ത്രണത്തില്‍ നിന്ന് 6,000 ചതുരശ്ര കിലോമീറ്ററിലധികം (2,317 ചതുരശ്ര മൈല്‍) സ്ഥലം സൈന്യം തിരിച്ചുപിടിച്ചതായി സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. പോരാളികളെ ‘യഥാര്‍ത്ഥ വീരന്മാര്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, പ്രത്യാക്രമണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രെയ്‌നിലെ ബ്രിഗേഡുകള്‍ക്ക് മിസ്റ്റര്‍ സെലെന്‍സ്‌കി നന്ദി പറഞ്ഞു.
ഏതൊക്കെ യുക്രേനിയന്‍ നഗരങ്ങളും ഗ്രാമങ്ങളുമാണ് മോചിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഖാര്‍കിവ് മേഖലയിലെ പ്രധാന നഗരങ്ങളായ ബലക്ലിയ, ഇസിയം, കുപിയാന്‍സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് തങ്ങളുടെ സൈനികര്‍ക്ക് വിടേണ്ടി വന്നതായി റഷ്യന്‍ സൈന്യം നേരത്തെ സമ്മതിച്ചിരുന്നു. ഈ പ്രദേശത്തിന്റെ ഒരു ചെറിയ കിഴക്കന്‍ ഭാഗം മാത്രമാണ് ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ളത്.
വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയിലെ പ്രധാന നഗരങ്ങള്‍ തങ്ങളുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടതായി റഷ്യ സമ്മതിച്ചിട്ടുണ്ട്. യുക്രെയിനിന്റെ കിഴക്കന്‍ ഭാഗത്തുള്ള ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോസ്‌കോ വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയില്‍ നിന്ന് അടുത്ത നാളുകളില്‍ സൈന്യത്തെ പിന്‍വലിച്ചത്. അത് റഷ്യയില്‍ വലിയ വിമര്‍ശനത്തിനും കാരണമായി.
ഇത് റഷ്യന്‍ സൈനികരുടെ സമ്പൂര്‍ണ പരാജയമാണെന്നും അവര്‍ ധാരാളം ഉപകരണങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായെന്നും യുഎസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് വാര്‍ (ഐഎസ്ഡബ്ല്യു) യുടെ മേസണ്‍ ക്ലാര്‍ക്ക് പറഞ്ഞു. യുക്രേനിയന്‍ സേന തങ്ങളുടെ പ്രത്യാക്രമണത്തില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അഭിപ്രായപ്പെട്ടു.