റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ യുക്രൈന് പിന്തുണ അറിയിക്കാന്‍ കീവിലെത്തി. ചെക് റിപ്പബ്‌ളിക്, സ്ലോവേനിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ തലവന്‍മാരാണ് കീവിലെത്തിയ ശേഷം യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയത്. ‘നിങ്ങള്‍ക്കൊപ്പമാണ് യൂറോപ്പ്’ എന്നായിരുന്നു യൂറോപ്യന്‍ നേതാക്കള്‍ യുക്രൈന് നല്‍കിയ വാക്ക്.
യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രൈന്‍ യുദ്ധം ജയിക്കുമെന്ന് സെലെന്‍സ്‌കി അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍പ്പിട സമുച്ചയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ കീവിലെത്തുന്നത്. പോളിഷ് പ്രധാനമന്ത്രി മറ്റെയൂസ് മൊറാവിക്കി, ഉപപ്രധാനമന്ത്രി ജറോസ്ലാവ് കാസിന്‍സ്‌കി, ചെക്ക് പ്രധാനമന്ത്രി പീറ്റര്‍ ഫിയാല, സ്ലൊവേനിയന്‍ പ്രധാനമന്ത്രി ജാനസ് ജാന്‍സ എന്നിവരാണ് കീവിലെത്തി സെലന്‍സ്‌കിക്ക് പിന്തുണ അറിയിച്ചത്.
‘യുക്രൈനിലെ ജനങ്ങളേ…നിങ്ങള്‍ക്ക് പിന്തുണ അറിയിക്കാനാണ് ഞങ്ങളെത്തിയിരിക്കുന്നത്. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് മനസിലാക്കുക.’ യുക്രൈന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പീറ്റര്‍ ഫിയാല വ്യക്തമാക്കി. യുദ്ധത്തില്‍ അന്താരാഷ്ട്ര സമാധാന സേന ഇടപെടണമെന്നായിരുന്നു പോളണ്ടിന്റെ ആവശ്യം. ഒരു സമാധാന ദൗത്യം അത്യാവശ്യമാണെന്നും അതിനിയും വൈകാന്‍ പാടില്ലെന്നും ജറോസ്ലാവ് കാസിന്‍സ്‌കി പറഞ്ഞു. കീവില്‍ റഷ്യന്‍ സൈന്യം ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
റഷ്യന്‍ സൈന്യം നഗരത്തിന് 10 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് സൂചന. ആക്രമണം ശക്തമായി തുടരുന്ന മരിയുപോളില്‍നിന്ന് മുന്നൂറോളം പേര്‍ സപോര്‍ഷ്യയിലേക്കെത്തി. യുദ്ധം ആരംഭിച്ചശേഷം ഇതുവരെ 70,000 കുട്ടികള്‍ അഭയാര്‍ഥികളായെന്നാണ് യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.