Friday, April 11, 2025

യുക്രൈനിലെ സപോറിഷിയ ആണവ നിലയത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു; ആണവദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടതു കഷ്ടിച്ചെന്നു സെലന്‍സ്‌കി

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷിയ യുക്രെയ്ന്‍ വൈദ്യുതി ശ്യംഖലയില്‍നിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടു. നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകളില്‍ കഴിഞ്ഞ ദിവസം വ്യാപക ആക്രമണം നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ലോകം ആണവ ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് യുക്രൈയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചു. എന്നാല്‍ യുക്രൈയ്ന്‍ നടത്തിയ ആക്രമണമാണ് വിനയായതെന്ന് റഷ്യ വിശദീകരിച്ചു. നിലയം തിരിച്ചുപിടിക്കാന്‍ യുക്രൈയ്ന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തീപിടിത്തം മൂലം നിലയത്തെ യുക്രെയ്‌നിലെ വൈദ്യുതഗ്രിഡുമായി ബന്ധിപ്പിക്കുന്ന ലൈനുകള്‍ നശിച്ചതാണു പ്രശ്‌നത്തിനു കാരണം. നിലയത്തിലെ യുക്രെയ്ന്‍ ജീവനക്കാര്‍ ബാക്കപ്പിനുള്ള ഡീസല്‍ ജനറേറ്ററുകള്‍ യഥാസമയം പ്രവര്‍പ്പിച്ചതാണു വന്‍ ദുരന്തം ഒഴിവാക്കിയതെന്നു സെലന്‍സ്‌കി പറഞ്ഞു.

റഷ്യ – യുക്രയ്ന്‍ സംഘര്‍ഷങ്ങള്‍ക്കിടെ നിലയത്തിന്റെ നിയന്ത്രണം യുക്രൈന് നഷ്ടമായിരുന്നു. നിലയത്തിന് സമീപം സ്ഫോടനമുണ്ടായതാണ് ബന്ധം വിച്ഛേദിക്കപ്പെടാന്‍ കാരണമെന്നാണ് വിശദീകരണം. സപോറിഷിയ നിലയം ആക്രമിക്കപ്പെടുന്നത് മേഖലയെ വന്‍ ദുരന്തത്തിലാക്കുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

Latest News