Monday, November 25, 2024

യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ വാഹനം അപകടത്തില്‍ പെട്ടു; ഗുരുതരമായ പരിക്കുകളില്ലെന്ന് വക്താവ്

യുക്രേനിയന്‍ നേതാവ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി സഞ്ചരിച്ച വാഹനം വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ വച്ച് അപകടത്തില്‍ പെട്ടു. എന്നാല്‍ അപകടത്തില്‍ പ്രസിഡന്റിന് കാര്യമായ പരിക്കില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

‘കൈവില്‍ വച്ച് ഒരു പാസഞ്ചര്‍ കാര്‍ യുക്രെയ്ന്‍ പ്രസിഡന്റിന്റെ കാറിലും അകമ്പടി വാഹനങ്ങളിലും കൂട്ടിയിടിച്ചു’. പ്രാദേശിക സമയം പുലര്‍ച്ചെ 1:22 ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വക്താവ് സെര്‍ജി നിക്കിഫോറോവ് പറഞ്ഞു.

പ്രസിഡണ്ടിനെ ഒരു ഡോക്ടര്‍ പരിശോധിച്ചെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. അപകടത്തിന്റെ എല്ലാ സാഹചര്യങ്ങളും നിയമപാലകര്‍ അന്വേഷിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

പ്രസിഡന്റിനെ അനുഗമിക്കുന്ന ഡോക്ടര്‍മാര്‍ പാസഞ്ചര്‍ കാറിന്റെ ഡ്രൈവര്‍ക്കും അടിയന്തര സഹായം നല്‍കുകയും ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തതായി അദ്ദേഹം കുറിച്ചു.

അപകടത്തിന് തൊട്ടുപിന്നാലെ പോസ്റ്റ് ചെയ്ത വീഡിയോയില്‍, താന്‍ ഖാര്‍കിവ് പ്രദേശത്ത് നിന്ന് മടങ്ങിയെത്തിയതായി സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈനികരെ തുരത്താനുള്ള മിന്നല്‍ പ്രത്യാക്രമണത്തിന് ശേഷം ഏതാണ്ട് മുഴുവന്‍ പ്രദേശത്തും റഷ്യ അധിനിവേശം അവസാനിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് നമ്മുടെ സൈനികരുടെ അഭൂതപൂര്‍വമായ മുന്നേറ്റമായിരുന്നു. അസാധ്യമെന്ന് പലരും കരുതിയ കാര്യങ്ങള്‍ ചെയ്യാന്‍ യുക്രേനിയക്കാര്‍ക്ക് ഒരിക്കല്‍ കൂടി കഴിഞ്ഞു’. സെലെന്‍സ്‌കി പറഞ്ഞു.

Latest News