യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സഹായം തേടി യുക്രൈന്‍ രംഗത്തെത്തിയത്.
നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു. ‘ലോകനേതാക്കള്‍ പറഞ്ഞാല്‍ പുടിന്‍ അനുസരിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പ്രതികരണത്തില്‍ ഒന്നു ചിന്തിക്കാനെങ്കിലും പുടിന്‍ തയാറാകുമെന്ന് വിശ്വസിക്കുന്നു.
ഇന്ത്യയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും കരുത്തുള്ള നേതാക്കളില്‍ ഒരാളെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്’. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായും മോദി ചര്‍ച്ച നടത്തണമെന്നും അംബാസഡര്‍ അഭ്യര്‍ഥിച്ചു.
കരമാര്‍ഗവും വ്യോമമാര്‍ഗവും റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് യുക്രൈന്‍ ഇന്ത്യയുടെ സഹായം തേടിയത്. റഷ്യയുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു എന്നാണ് യുക്രൈന്‍ സൈന്യം അറിയിച്ചത്.