യുക്രെയ്ന്റെ പല മേഖലകളിലും കടന്നുകയറിയെന്ന റഷ്യന്‍ വാദം തെറ്റാണെന്ന തെളിവുമായി ബ്രിട്ടന് രംഗത്ത്. ഡോണ്‍ബാസ് മേഖല തങ്ങളുടെ അധീനതയിലാണെന്ന് മാസങ്ങള്‍ക്കു മുന്നേ റഷ്യ നടത്തിയ അവകാശവാദമാണ് ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് തള്ളുന്നത്. കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസ് നദി കടക്കാന്‍ റഷ്യ പലതവണ ശ്രമിച്ചിട്ടും യുക്രെയ്ന് സൈനികര്‍ അതിനെ പ്രതിരോധിച്ചെന്നാണ് റിപ്പോര്‍ട്ട്.
റഷ്യന്‍ സൈന്യം നദികടക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യമാണ് ബ്രിട്ടണ് പുറത്തുവിട്ടത്. സിവര്‍സ്കി ഡോണെറ്റ്സ് എന്ന് വിളിക്കുന്ന നദി കടക്കാനാണ് റഷ്യന്‍ സൈനികര്‍ പരാജയപ്പെടുന്നത്. യുക്രെയ്ന് സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ടാങ്കുകളടക്കം പലതും നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം ഒരു ബറ്റാലിയന് സൈനികരും പരിക്കുകളേറ്റ് പിന്മാറിയെന്നാണ് സൂചന.
കീവില്‍ നിന്നും ചെര്ണീഹിവില് നിന്നും സൈന്യത്തെ പിന്‍വലിച്ച റഷ്യ മറ്റ് പലമേഖലകളും കയ്യിലാക്കാനാണ് ശ്രമിക്കുന്നത്. മരിയൂപോള്‍ തുറമുഖ നഗരത്തെ തകര്‍ത്ത റഷ്യ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെ മറ്റ് പല പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് യുക്രെയ്ന് സൈന്യം നല്‍കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.