റഷ്യയുടെ അധിനിവേശത്തിനുശേഷം ആദ്യമായി യുക്രെയ്ന്‍ ധാന്യ കയറ്റുമതി നടത്തി. രാജ്യത്ത് കുമിഞ്ഞുകൂടുന്ന ദശലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ കയറ്റി അയയ്ക്കുന്നതിനും അതുവഴി ആഗോള ഭക്ഷ്യ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചെറുതും എന്നാല്‍ നിര്‍ണായകവുമായ ആദ്യ ചുവടുവെപ്പായി അത് മാറുകയും ചെയ്തു. ലെബനനിലേയ്ക്കാണ് യുക്രൈനില്‍ നിന്നുള്ള ആദ്യ ധാന്യക്കപ്പല്‍ അയച്ചിരിക്കുന്നത്. 26,000 ടണ്‍ ചോളം കയറ്റിയ റസോണി എന്ന ചരക്ക് കപ്പലാണ് ഒഡേസ തുറമുഖത്തു നിന്ന് പുറപ്പെട്ടത്.
ഇതിനിടെ, ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ശക്തമായ സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ റഷ്യയുടെ നാവികസേനയില്‍ ഉടന്‍ സജ്ജീകരിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ‘നമ്മുടെ പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും അതിക്രമിച്ച് കടക്കാന്‍ തീരുമാനിക്കുന്ന ആരോടും മിന്നല്‍ വേഗത്തില്‍’ പ്രതികരിക്കുമെന്ന് പുടിന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അധിനിവേശം ആറാം മാസത്തിലേക്ക് കടന്നിട്ടും റഷ്യ വ്യോമ, മിസൈല്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ കെര്‍സണ്‍ മേഖലയിലെ മിക്കയിടത്തും പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചു.