Monday, March 31, 2025

ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നറിയാതെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന യുക്രേനിയക്കാർ

“ഹായ് അമ്മേ, എല്ലാം ശരിയാകും. ഞാൻ ഓഫ്‌ലൈനിലായിരിക്കും മിക്കവാറും സമയങ്ങളിൽ; ഒരുപക്ഷേ ഒരാഴ്ചയോ, ഒരു മാസമോ. എങ്കിലും വിഷമിക്കേണ്ട” – 2022 മാർച്ച് 30 ന് നാസർ ഒച്ചറെറ്റ്‌നി എന്ന സൈനികൻ തന്റെ അമ്മയ്ക്ക് അയച്ച അവസാന സന്ദേശം അതായിരുന്നു.

ഏകദേശം മൂന്നുവർഷത്തിനു ശേഷവും അദ്ദേഹം ഇതുവരെയും ഓൺലൈനിൽ വന്നിട്ടില്ല; തന്റെ അമ്മയെ വിളിക്കുകയോ, മെസ്സേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. യുക്രൈനെതിരായ റഷ്യൻ യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ അധ്യായങ്ങളിലൊന്നായ കിഴക്കൻ യുക്രേനിയൻ നഗരമായ മരിയുപോളിൽ യുദ്ധമുഖത്തു ജോലിചെയ്യുകയായിരുന്നു 33 വയസ്സുള്ള ഡോ. നാസർ ഒച്ചറെറ്റ്‌നി. പിന്നീട് ഇദ്ദഹത്തെക്കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല.

2022 ഏപ്രിൽ 12 ന് ഒച്ചറെറ്റ്‌നിയുടെ അമ്മ വാലന്റീന ഒച്ചറെറ്റ്‌നിയയെ, മകൻ യുദ്ധത്തിൽ കാണാതായതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. “ഒരുപക്ഷേ പിടിക്കപ്പെട്ടിരിക്കാം.” 61 വയസ്സുള്ള അമ്മ, അദ്ദേഹം ജീവനോടെ വരുന്നതും കാത്തിരിപ്പുണ്ട്. എങ്കിലും 2025 മാർച്ച് വരെ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചിട്ടില്ല; എന്നാൽ ജീവിച്ചിരിപ്പുണ്ടെന്നും അറിവില്ല.

സർക്കാരിന്റെ ഏകീകൃത രജിസ്റ്ററിൽ പ്രത്യേക സാഹചര്യങ്ങളിൽ കാണാതായതായി അംഗീകരിക്കപ്പെട്ട ഏകദേശം 60,000 സൈനികരിലും സാധാരണക്കാരിലുമുള്ള ഒരാളാണ് ഒച്ചറെറ്റ്‌നി. കണക്കുകൾ ഇങ്ങനെയാണെങ്കിൽ യഥാർഥ സംഖ്യ അതിലും കൂടുതലായിരിക്കും.

“രജിസ്റ്ററിൽ ആ വ്യക്തി ഉണ്ടെങ്കിൽ അതിന് രണ്ട് അർഥങ്ങളാണുള്ളത്. ഒന്ന്, ആ വ്യക്തി റഷ്യൻ തടവിലാണ്; അല്ലെങ്കിൽ മരിച്ചിരിക്കുന്നു” – പ്രത്യേക സാഹചര്യങ്ങളിൽ കാണാതായ വ്യക്തികൾക്കായുള്ള കമ്മീഷണർ ആർതർ ഡോബ്രോസെർഡോവ് പറയുന്നത് ഇപ്രകാരമാണ്. എന്നാൽ യുദ്ധം നീളുംതോറും പിടിക്കപ്പെട്ടവരെയോ, കൊല്ലപ്പെട്ടവരെയോ കണ്ടെത്തുന്നത് യുക്രേനിയൻ സർക്കാരിന് കൂടുതൽ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.

2022 മുതൽ യുദ്ധം ഉണ്ടെങ്കിലും വർഷം ചെല്ലുംതോറും യുദ്ധം നടത്തുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ഇരുസൈന്യങ്ങളും ഇപ്പോൾ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നു. അതിനാൽ മുൻനിരയിൽനിന്ന് മൃതദേഹങ്ങൾ തിരികെ നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് റഷ്യയും യുക്രൈനും പതിവായി മൃതദേഹങ്ങൾ കൈമാറുന്നത്. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം ഏഴായിരത്തിലധികം മൃതദേഹങ്ങളാണ് യുക്രൈൻ നാട്ടിലേക്കു കൊണ്ടുവന്നത്.

നിർബന്ധിത ഡി എൻ എ പരിശോധന

ഫെബ്രുവരി 14 ന് രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച 757 സൈനികരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുവന്നു. എന്നാൽ അവരുടെ ബന്ധുക്കൾക്ക്, യുക്രേനിയൻ പാരമ്പര്യമനുസരിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്‌കരിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല അത്. “കയ്പേറിയ സത്യം ഞാൻ നിങ്ങളോടു പറയാം. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തി അവരെ സംസ്കരിക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടാകണം” – യുദ്ധത്തിൽ കാണാതായ സൈനികരെക്കുറിച്ചുള്ള ചർച്ചയിൽ സോഷ്യൽ മീഡിയയിലെ ഒരു കമന്റിൽ പറയുന്നു.

നാട്ടിലേക്കു കൊണ്ടുപോകുന്ന അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെ തിരിച്ചറിയുക എന്നത് ദീർഘവും സങ്കീർണ്ണവുമായ ഒരു പ്രക്രിയയാണ്. പലപ്പോഴും, തിരികെ ലഭിക്കുന്നത് വികൃതമാക്കിയ, ഛിന്നഭിന്നമായ, അഴുകിയ അല്ലെങ്കിൽ കത്തിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ്. “ഒരു വിദഗ്ധനെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ഒരു പാക്കേജ് എത്തുകയും അതിൽ ധാരാളം ശരീരഭാഗങ്ങൾ അടങ്ങിയിരിക്കുകയും ചെയ്യുമ്പോഴാണ്. നിങ്ങൾ അത് തുറക്കുമ്പോൾ, അത് ഒരാളുടേതാണോ അതോ പത്തു മുതൽ 20 വരെയുള്ള ആളുകളുടേതാണോ എന്ന് നിങ്ങൾക്ക് മനസ്സിലാകില്ല” – സ്റ്റേറ്റ് സയന്റിഫിക് റിസർച്ച് ഫോറൻസിക് സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടർ റസ്ലാൻ അബ്ബാസോവ് പറഞ്ഞു.

ചില മൃതദേഹങ്ങൾ തിരിച്ചറിയൽ സൂചനകളോടെ തിരികെ കൊണ്ടുവരാറുണ്ട്. എന്നിരുന്നാലും, ഈ വിവരങ്ങൾ പരസ്പരം പരിശോധിക്കേണ്ടതുണ്ട്. ഒരു മൃതദേഹത്തിന് പേര് നൽകിയിട്ടുണ്ടെങ്കിലും, ഡി എൻ എ പരിശോധനയ്ക്കുശേഷം അത് തികച്ചും വ്യത്യസ്തമായ ഒരാളുടേതാണെന്ന് തെളിഞ്ഞ കേസുകളുമുണ്ട്. മരിച്ചുപോയ ഒരു സൈനികനെ ബന്ധുക്കൾ തിരിച്ചറിഞ്ഞാലും, അന്തിമ തിരിച്ചറിയലിന് ഡി എൻ എ പരിശോധന ഇപ്പോഴും നിർബന്ധമാണ്. സ്വദേശത്തേക്കു കൊണ്ടുപോകുന്ന കൈമാറ്റങ്ങളിൽ ഇത് വളരെ അത്യാവശ്യമാണെന്ന് ഡോബ്രോസെർഡോവ് പറഞ്ഞു. അവിടെ തിരികെ ലഭിച്ച അവശിഷ്ടങ്ങൾ ചിലപ്പോൾ ഒന്നിലധികം ആളുകളുടേതായിരിക്കാം.

“ഞങ്ങൾ ഓരോ ശരീരഭാഗത്തുനിന്നും ഒരു ഡി എൻ എ സാമ്പിൾ എടുത്ത് ഒരു ഡി എൻ എ പ്രൊഫൈൽ സൃഷ്ടിക്കുന്നു. സ്വദേശത്തേക്കു കൊണ്ടുപോകുന്ന എല്ലാവരെയും പരിശോധിച്ചതിനുശേഷം മാത്രമേ ഞങ്ങൾ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. കാരണം കുറച്ചു സമയത്തിനുശേഷം അതേ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ അത് ചേർക്കുന്നതിന് നമ്മുടെ കൈയിൽ മറ്റു വിവരങ്ങളില്ല” – ഡോബ്രോസെർഡോവ് വിശദീകരിച്ചു.

ഒരു ശരീരത്തിന്റെ അവശിഷ്ടങ്ങൾ വ്യത്യസ്ത സമയങ്ങളിൽ പലതവണകളായി സ്വദേശത്തേക്കു കൊണ്ടുപോയ കേസുകളും ഉണ്ടായിട്ടുണ്ട്. കാണാതായ വ്യക്തിക്ക് ബന്ധുക്കളില്ലാത്ത സന്ദർഭങ്ങളിൽ, ഡി എൻ എ പൊരുത്തം കണ്ടെത്തുന്നതിനായി അവർ ഉപേക്ഷിച്ച സാധനങ്ങൾ – പ്രത്യേകിച്ച് അവരുടെ ചർമ്മവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വസ്തുക്കൾ – വിശകലനം ചെയ്യുന്നു.

എ ഐ സാങ്കേതിക വിദ്യ

തിരച്ചിൽ വേഗത്തിലാക്കാൻ, യുക്രേനിയൻ അധികൃതർ നൂതന സാങ്കേതികവിദ്യകളിലേക്കു തിരിയുന്നതായും കാണാം. ഫെബ്രുവരി 20 ന്, യുക്രൈനിലെ നാഷണൽ പൊലീസ്, യുദ്ധത്തിൽ കൊല്ലപ്പെട്ട അഞ്ച് അജ്ഞാത പുരുഷന്മാരുടെ കമ്പ്യൂട്ടർനിർമ്മിത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “യുദ്ധം കാരണം കാണാതായ നിങ്ങളുടെ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ തിരിച്ചറിയുകയോ, അവരെ അന്വേഷിക്കുന്ന ആളുകളെ അറിയുകയോ ചെയ്താൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക” എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

യുക്രൈനിൽ അമേരിക്കൻ പോരാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുവരുന്നത് സങ്കീർണ്ണമായ ഒരു ജോലിയാണ്. ഈ ആവശ്യത്തിനായി യുക്രേനിയക്കാർ 3D-പുനർനിർമ്മാണ സാങ്കേതികവിദ്യകൾ ആദ്യമായി ഉപയോഗിക്കുകയും ചെയ്തു.

“തലയോട്ടിയുടെ ആകൃതിയും ലഭ്യമായ ജീനോമിക് വിവരങ്ങളും അടിസ്ഥാനമാക്കി തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ മുഖഭാവങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഞങ്ങൾ പരീക്ഷിച്ചുവരികയാണ്” – നാഷണൽ പൊലീസിന്റെ യുദ്ധക്കുറ്റ അന്വേഷണ വിഭാഗം മേധാവി ക്രിസ്റ്റിന പോഡിറിയാക്കോ പറഞ്ഞു. ഇതുവച്ച് മുടിയുടെയും ചർമ്മത്തിന്റെയും നിറം, മുഖത്തിന്റെ ആകൃതി, ഏകദേശ പ്രായം തുടങ്ങിയ വ്യത്യസ്ത സവിശേഷതകൾ പുനഃസ്ഥാപിക്കാൻ സാധിക്കുന്നു. എന്നാൽ റഷ്യ എല്ലായ്പ്പോഴും യുദ്ധത്തടവുകാരുടെ കൃത്യമായ പട്ടിക സൂക്ഷിക്കാറില്ല. അതായത്, തടവിലാക്കപ്പെട്ട യുക്രേനിയൻ പൗരന്മാരുടെയും സൈനികരുടെയും ഐഡന്റിറ്റി കണ്ടെത്തി സ്ഥിരീകരിക്കണം.

ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നറിയാതെ തന്റെ പ്രിയപ്പെട്ടവർക്കായി കാത്തിരിക്കുന്ന അവസ്ഥയാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ വേദന എന്ന്, ഇന്ന് ഏറ്റവും കൂടുതൽ അറിയുന്നത് യുക്രേനിയൻ ജനതയ്ക്കാണ്. കാത്തിരിപ്പിന്റെ അവസാനം എന്താകുമെന്നറിയില്ലെങ്കിലും അവരെല്ലാവരും ജീവിച്ചുതീർക്കുന്നത് നഷ്ടപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്താണ്. അതെ, തങ്ങളുടെ പ്രിയപ്പെട്ടവരെ അവർ കാണുന്നില്ലെങ്കിലും മറക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News