യുദ്ധത്തിനിടെ യുക്രേനിയന്‍ തുറമുഖ നഗരമായ മരിയുപോളില്‍ കുടുങ്ങിയ ഇളയ സഹോദരന്‍ ദിമിത്രിയുമായി നതാലിയ സഡോയനോവ എന്ന യുവതിയ്ക്ക് ആഴ്ചകളോളം ബന്ധം നഷ്ടപ്പെട്ടിരുന്നു. ദിമിത്രി ജോലി ചെയ്തിരുന്ന അനാഥാലയത്തില്‍ റഷ്യന്‍ സൈന്യം ബോംബെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്. വാതിലുകളും ജനലുകളും ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ തണുത്തുറഞ്ഞ നിലവറയില്‍ നിരവധിയാളുകളോടൊപ്പം അവന്‍ ഒളിച്ചു താമസിക്കുകയായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍.
പക്ഷേ ഒരു ദിവസം നതാലിയയെ ദിമിത്രി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ജീവിച്ചിരിപ്പുണ്ടെന്നും താനിപ്പോള്‍ റഷ്യയിലാണെന്നുമാണ് ദിമിത്രി അന്ന് നതാലിയയെ അറിയിച്ചത്. കരഞ്ഞുകൊണ്ടാണ് അവനത് പറഞ്ഞത്. റഷ്യയിലേക്കുള്ള നിര്‍ബന്ധിത കൈമാറ്റത്തിന്റെ ഇരയായി ദിമിത്രിയും മാറിയിരിക്കുന്നു എന്ന് നതാലിയ മനസിലാക്കി.
32 കാരനായ സാഡോയനോവ്, മരിയുപോളിലെ ബേസ്മെന്റില്‍ വിശന്നുവലഞ്ഞ് തളര്‍ന്ന് ഒടുവില്‍ ഒഴിപ്പിക്കല്‍ എന്ന ആശയം അംഗീകരിച്ച ആളാണ്. റഷ്യക്കാര്‍ അദ്ദേഹത്തോട് യുക്രെയ്‌നിലെ സപോരിജിയയിലേക്കോ റഷ്യയിലെ റോസ്‌തോവ്-ഓണ്‍-ഡോണിലേക്കോ ഉള്ള ബസില്‍ കയറാമെന്ന് പറഞ്ഞു. പക്ഷേ അവര്‍ കള്ളം പറഞ്ഞതായിരുന്നു. രണ്ടു ബസുകളും റഷ്യയിലേക്ക് മാത്രമാണ് പോയത്. യാത്രാമധ്യേ, റഷ്യന്‍ അധികാരികള്‍ അവന്റെ ഫോണ്‍ പരിശോധിക്കുകയും ക്യാമ്പിലെ ഒരു ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി ആരോപിക്കുകയും ചെയ്തു.
റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ നിന്നുള്ള ഒരാള്‍ അദ്ദേഹത്തെ മോസ്‌കോയിലേക്ക് കൊണ്ടുവന്ന് യുക്രേനിയക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ പണം നല്‍കാമെന്ന് പറഞ്ഞു. അത് അദ്ദേഹം നിരസിച്ചു. വീഡിയോ ക്യാമറയുമായി എത്തിയ ഒരാള്‍ യുക്രെയ്ന്‍ കുട്ടികളെ ഉപയോഗിച്ച് സ്വന്തം പൗരന്മാര്‍ക്ക് നേരെ ബോംബെറിയുന്നു എന്ന് പറയാന്‍ ആവശ്യപ്പെട്ടു.
പിന്നെ അവനെയും അഞ്ച് കുട്ടികളെയും നാല് സ്ത്രീകളെയും റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവരുടെ ലക്ഷ്യസ്ഥാനം റഷ്യയിലെ നിസ്‌നി നോവ്‌ഗൊറോഡായിരുന്നു. ട്രെയിനില്‍ നിന്നാണ് സഡോയനോവ് പോളണ്ടിലുള്ള തന്റെ സഹോദരി നതാലിയയെ വിളിച്ചത്.
അടുത്ത സ്റ്റോപ്പ് വൈനോഹ്രദ്‌നെ ആയിരുന്നു. മുന്തിരിത്തോട്ടങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഇവിടെ ഇപ്പോള്‍ റഷ്യ സ്ഥാപിച്ച കൂട്ടക്കുഴിമാടങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കൂടാരം തണുത്തുറഞ്ഞതും ശ്വാസം മുട്ടിക്കുന്നത്ര തിരക്കുള്ളതുമായിരുന്നു. അവരുടെ നാസാരന്ധ്രങ്ങളില്‍ മാംസത്തിന്റെ ചീഞ്ഞളിഞ്ഞ മണം പറ്റിപ്പിടിച്ചിരുന്നു.
നതാലിയ അവനോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. നതാലിയയുമായി സംസാരിച്ചതിന് ശേഷം സഡോയനോവ് നിസ്‌നി നോവ്‌ഗൊറോഡിലേക്ക് ട്രെയിനില്‍ നിന്ന് ഇറങ്ങി. നതാലിയ സഡോയനോവ തന്റെ സഹോദരനെയും മറ്റുള്ളവരെയും സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ റഷ്യയ്ക്കുള്ളിലെ ബന്ധങ്ങളിലൂടെ പ്രാദേശിക ആളുകളെ കണ്ടെത്തി. ഒടുവില്‍ റഷ്യയില്‍ നിന്ന് രക്ഷപെടാനും അവസരം ലഭിച്ചു. സാഡോയനോവ് ഇപ്പോള്‍ ജോര്‍ജിയയിലാണ്.
യുക്രേനിയന്‍, ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഏകദേശം 2 ദശലക്ഷം യുക്രേനിയന്‍ അഭയാര്‍ത്ഥികളെ റഷ്യയിലേക്ക് എത്തിച്ചിട്ടുണ്ട്. നിര്‍ബന്ധിത കൈമാറ്റമായാണ് ഇതിനെ യുക്രെയ്ന്‍ ചിത്രീകരിക്കുന്നത്. യുദ്ധത്തില്‍ ഇരകളായവരെ മാനുഷികമായ ഒഴിപ്പിക്കലുകള്‍ക്ക് വിധേയമാക്കുന്നു എന്നാണ് റഷ്യയുടെ ന്യായീകരണം.
ഡസന്‍ കണക്കിന് അഭിമുഖങ്ങളെ അടിസ്ഥാനമാക്കി അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തില്‍, യുക്രേനിയന്‍ സര്‍ക്കാര്‍ സൂചിപ്പിക്കുന്നതു പോലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരായി നിരവധി അഭയാര്‍ത്ഥികള്‍ റഷ്യയിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായെന്ന് കണ്ടെത്തി.
യുക്രെയ്‌നില്‍ മരിക്കുക അല്ലെങ്കില്‍ റഷ്യയില്‍ ജീവിക്കുക എന്നതാണ് അവര്‍ക്ക് റഷ്യ നല്‍കുന്ന ഒാപ്ഷനുകള്‍. റഷ്യയിലേക്ക് പോകാന്‍ തയാറാകുന്നവര്‍ക്ക് നിരവധി കടമ്പകളിലൂടെ കടന്നു പോകേണ്ടതായും വരുന്നു. അവിടെ ചോദ്യം ചെയ്യലും മര്‍ദനവും സാമഗ്രികള്‍ നശിപ്പിക്കലും ചൂഷണം ചെയ്യലും എല്ലാം നേരിടേണ്ടി വരും.
ഇത്തരം പരീക്ഷണങ്ങളെല്ലാം കടന്നെത്തുന്നവരെ റഷ്യയില്‍ താമസിക്കാന്‍ ക്ഷണിക്കുന്നു. ചിലവിനായി ഏകദേശം 10,000 റൂബിള്‍സ് അവര്‍ക്ക് ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം. ചിലപ്പോള്‍ അവരുടെ യുക്രേനിയന്‍ പാസ്പോര്‍ട്ടുകള്‍ നശിപ്പിക്കുകയും പകരം റഷ്യന്‍ പൗരത്വത്തിനുള്ള അവസരം നല്‍കുകയും ചെയ്യും. ചിലപ്പോള്‍, യുക്രേനിയന്‍ സര്‍ക്കാരിനെയും സൈന്യത്തെയും അപലപിക്കുന്ന രേഖകളില്‍ ഒപ്പിടാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. റഷ്യയില്‍ കഴിയാന്‍ പണമോ ബന്ധങ്ങളോ ഇല്ലാത്തവര്‍ക്ക് കിഴക്കോട്ട്, ഉപ-ആര്‍ട്ടിക് ഭാഗത്തേക്ക് മാത്രമേ പോകാന്‍ കഴിയൂ. യുക്രേനിയക്കാരെ നാസികളില്‍ നിന്ന് രക്ഷിക്കുന്നു എന്ന സര്‍ക്കാര്‍ വിവരണത്തോട് റഷ്യയ്ക്കുള്ളില്‍ തന്നെ വ്യക്തമായ വിയോജിപ്പുണ്ട്.
റഷ്യയിലെ ഏറ്റവും വിദൂരവും ദരിദ്രവുമായ ചില പ്രദേശങ്ങളിലേക്ക് 100,000 യുക്രേനിയക്കാരെ എത്തിക്കാന്‍ ലക്ഷ്യമിടുന്നതായി രഹസ്യ റിപ്പോര്‍ട്ടുകളുണ്ട്. ആരെയും തലസ്ഥാനമായ മോസ്‌കോയിലേക്ക് അയക്കേണ്ടതില്ലെന്നും ഉത്തരവുണ്ടത്രേ.
രണ്ട് ഡസനിലധികം റഷ്യന്‍ നഗരങ്ങളിലും പ്രദേശങ്ങളിലും യുക്രേനിയക്കാര്‍ക്ക് താത്കാലിക താമസം ലഭിച്ചിട്ടുണ്ടെന്നും ചിലരെ 150 കിലോമീറ്റര്‍ അകലെയുള്ള ബഷ്‌കോര്‍ട്ടിസ്ഥാന്‍ മേഖലയിലെ ഉപയോഗിക്കാത്ത കെമിക്കല്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 50 ഓളം യുക്രേനിയക്കാരെ സൈബീരിയയിലേക്ക് അയച്ചതായും വെളിപ്പെടുത്തലുകളുണ്ട്. മാരിയുപോളില്‍ നിന്നുള്ള തന്റെ പ്രായമായ മാതാപിതാക്കളെ റഷ്യയിലേക്ക് അയച്ചതായും രാജ്യത്തിന്റെ അറ്റത്തുള്ള വ്‌ലാഡിവോസ്റ്റോക്കിലേക്ക് അവരെ മാറ്റിയതായും ഒരു യുക്രേനിയന്‍ സ്ത്രീ പറഞ്ഞു.
മറ്റ് വിദേശ രാജ്യങ്ങളില്‍ അഭയം തേടാന്‍ പണമോ കഴിവോ പ്രാപ്തിയോ ഇല്ലാത്തവരെല്ലാം റഷ്യയിലേയ്ക്കാണ് മാറുന്നത്. റഷ്യന്‍ സംസാരിക്കുന്നവര്‍ സന്തോഷത്തോടെ തന്നെയാണ് പോകുന്നത്. എങ്കിലും ഭൂരിഭാഗവും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ മാത്രമാണ് റഷ്യയിലേക്ക് പോകാന്‍ സന്നദ്ധരാകുന്നത്.
യുക്രേനിയക്കാരെ നാടുകടത്താനുള്ള റഷ്യയുടെ കാരണങ്ങള്‍ പൂര്‍ണ്ണമായും വ്യക്തമല്ലെന്ന് യുക്രെയ്‌നിലെ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് മേധാവി ഒലെക്‌സാന്ദ്ര മാറ്റ്വിചുക് പറയുന്നു. ‘യുക്രെയ്നെതിരെ സാക്ഷ്യം നല്‍കാന്‍ സമ്മര്‍ദം ചെലുത്തി അഭയാര്‍ത്ഥികളെ പ്രചാരണത്തില്‍ ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. യുക്രെയ്‌നിനെതിരായ യുദ്ധത്തില്‍ ഈ ആളുകളെ ഉപയോഗിക്കുന്നതിന് റഷ്യ ശ്രമിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയിലായിരിക്കുന്നതിന്റെയും താന്‍ എവിടേക്ക് പോകുമെന്ന് അറിയാത്തതിന്റെയും ഭീകരത ഇവാന്‍ സവ്രഷ്നോവ് വിവരിക്കുന്നു. മരിയുപോളിലെ യുക്രേനിയന്‍ അനുകൂല ടെലിവിഷന്‍ ശൃംഖലയുടെ നിര്‍മ്മാതാവായ അദ്ദേഹം ധാരാളം പരീക്ഷണങ്ങള്‍ നേരിട്ടാണ് റഷ്യയിലെത്തിയത്. ഏകദേശം 2,000 യുക്രേനിയക്കാരോടൊപ്പമാണ് എസ്‌തോണിയയിലെ ടാലിന്‍ നഗരത്തിലെ ഡോക്ക് ചെയ്ത ഇസബെല്ലെ ഫെറിയില്‍ എത്തിയത്. ‘ഒരു കരടിയുടെ വായിലേക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയാണ് ഇവിടെ എത്തിയത്. റഷ്യയില്‍ ഞാന്‍ സുരക്ഷിതനാണെന്ന തോന്നല്‍ എനിക്കുണ്ടായില്ല. റഷ്യയിലേക്കുള്ള വഴിയിലുള്ള അഭയാര്‍ത്ഥികളെ ഒന്നിലധികം സ്റ്റോപ്പുകളില്‍ ചോദ്യം ചെയ്യുന്നു. ഇതിനെ റഷ്യക്കാരും ഉക്രേനിയക്കാരും ‘ഫില്‍ട്രേഷന്‍’ എന്ന് വിളിക്കുന്നു. വിരലടയാളവും ഫോട്ടോയും എടുക്കുന്നു. ചിലരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, ടാറ്റൂകളോ മുറിവുകളോ ഉള്ളവര്‍ പ്രത്യേക നിരീക്ഷണത്തിന് വിധേയരാകുന്നു. ഫോണുകള്‍ കണ്ടുകെട്ടുകയും ചിലപ്പോള്‍ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു, ട്രാക്കിംഗ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്്‌യുന്നു’. ഇവാന്‍ പറഞ്ഞു. റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലുള്ള യുക്രേനിയന്‍ പ്രദേശത്ത് 14 ഫില്‍ട്ടറേഷന്‍ പോയിന്റുകള്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്കണ്ടെത്തി.
റഷ്യയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരെ രാജ്യദ്രോഹികളായി കാണുമെന്നും അവര്‍ യുക്രെയ്‌നിലേക്ക് മടങ്ങിയെത്തിയാല്‍ 10 വര്‍ഷം തടവ് അനുഭവിക്കുമെന്നും ആളുകള്‍ കരുതുന്നു. അതുകൊണ്ട് തടവുകാരുടെ കൈമാറ്റം വഴി റഷ്യയില്‍ നിന്ന് മോചിക്കപ്പെടുന്നവര്‍ യുക്രെയ്‌നിലേക്ക് മടങ്ങാന്‍ ഭയപ്പെടുന്നു.
റഷ്യയിലെ മനുഷ്യാവകാശ ഓംബുഡ്സ്മാന്‍, ടാറ്റിയാന മോസ്‌കാല്‍കോവയുടെ അഭിപ്രായത്തില്‍, പലരും മതിയായ രേഖകളില്ലാതെ അനിശ്ചിതത്വത്തിലാണ്. 55,502 പേര്‍ക്ക് മാത്രമേ റഷ്യയില്‍ താല്‍ക്കാലിക അഭയം ലഭിച്ചിട്ടുള്ളൂ. ശത്രുവായി കാണുന്ന ഒരു രാജ്യത്ത് പലര്‍ക്കും നിയമപരമായ അനിശ്ചിതത്വമുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. റഷ്യയിലെ പെന്‍സയിലുള്ളവര്‍ അജ്ഞാത ഭീഷണികള്‍ കാരണം തങ്ങളുടെ ശ്രമങ്ങള്‍ അവസാനിപ്പിച്ചു.
നിര്‍ബന്ധിത നാടുകടത്തലുകളെക്കുറിച്ചുള്ള ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടിലെ തന്യാ ലോക്ഷിന പറയുന്നതനുസരിച്ച്, പല ആളുകള്‍ക്കും തങ്ങള്‍ക്ക് രേഖകളില്‍ ഒപ്പിടാതിരിക്കാനുള്ള അവകാശവും റഷ്യ വിടാനുള്ള അവകാശവും ഉണ്ടെന്ന് മനസ്സിലാക്കുന്നില്ല. എച്ച്ആര്‍ഡബ്ല്യുവും യുക്രേനിയന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും നിരവധി കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സഡോയനോവ് നിസ്‌നിയെപ്പോലെ ചിലര്‍ക്ക് മാത്രം ഭാഗ്യംകൊണ്ട് രക്ഷപെടാന്‍ അവസരം ലഭിക്കുന്നു. അല്ലാത്തവര്‍ വീണ്ടും റഷ്യയില്‍ തന്നെ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്നു. ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ശക്തമായ രീതിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം കഴിയുന്നത്.