Friday, April 4, 2025

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി ഇന്ത്യയില്‍

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ മാസം ഡല്‍ഹിയിലും മുംബൈയിലും ആയിട്ടാകും യോഗം നടക്കുക.

അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തില്‍ ഭീകര വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഉച്ചകോടി ഇന്ത്യയില്‍ നടത്താനുള്ള തീരുമാനം പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ തടുക്കാനുള്ള നയങ്ങള്‍ ചര്‍ച്ചയുടെ പ്രധാന അജന്‍ഡയായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ അപേക്ഷ യുഎന്‍ ശക്തമായി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് രാജ്യം നോക്കികാണുന്നത്.

അമേരിക്കയിലെ സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന് കീഴില്‍ തീവ്രവാദ വിരുദ്ധ കമ്മിറ്റിക്ക് രൂപം നല്‍കിയത്.

ചര്‍ച്ചയില്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ എന്നിവര്‍ക്ക് പുറമേ ഇന്ത്യയുള്‍പ്പടെ താല്‍ക്കാലിക അംഗങ്ങളായ 10 രാജ്യങ്ങളും പങ്കെടുക്കും.

 

Latest News