പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുൻ ബംഗ്ലാദേശ് സർക്കാർ കഴിഞ്ഞ വർഷം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ’ ചെയ്തു എന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭ. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശ് കണ്ട ഏറ്റവും മോശമായ അക്രമത്തിൽ 1400 പേരെങ്കിലും കൊല്ലപ്പെട്ടതായി യു എൻ അന്വേഷണത്തിൽ കണ്ടെത്തി.
ഹസീനയെയും അവരുടെ അവാമി ലീഗ് പാർട്ടിയെയും പുറത്താക്കാനുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിനിടയിൽ പ്രതിഷേധക്കാരോട് മുൻ സർക്കാർ ‘ക്രൂരമായ പ്രതികരണം’ നടത്തിയെന്ന് യു എൻ റിപ്പോർട്ട് പറയുന്നു. പ്രതിഷേധക്കാരെ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ വെടിവച്ചുകൊല്ലൽ, ബോധപൂർവം അംഗഭംഗം വരുത്തൽ, അറസ്റ്റുകൾ, പീഡനം തുടങ്ങിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യു എൻ റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ 13% വരെ പ്രായപൂർത്തിയാകാത്തവരാണെന്ന് കണക്കാക്കപ്പെടുന്നു.
യു എൻ മനുഷ്യാവകാശ ഓഫീസ് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ സർക്കാർ ഇത് നിഷേധിച്ചു.