മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താന്‍ സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഗാന്ധിജയന്തി ദിന സന്ദേശം പങ്കുവച്ചത്.
മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എല്ലാവരും ഈ മുല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണം. അവ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
കുറിപ്പിനൊപ്പം നോട്ട്ഡ് ഗണ്‍ ശില്‍പ്പത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് അടുത്താണ് നോട്ട്ഡ് ഗണ്‍ സ്ഥിതിചെയ്യുന്നത്. ഈ ശില്പം അഹിംസാത്മക ലോകത്തിനുള്ള പ്രത്യാശയെ പ്രതിനിധീകരിക്കുന്നു. 1980 അവസാനത്തോടെ സ്വീഡിഷ് കലാകാരനായ കാള്‍ ഫ്രെഡ്രിക് റോയിട്ടേഴ്സ്വാര്ഡിന്റെ സുഹൃത്തായിരുന്ന ജോണ്‍ ലെനന്റെ കൊലപാതകത്തിന്റെ സ്മരണയ്ക്കായിയാണ് ശില്‍പ്പം സൃഷ്ടിച്ചത്.
2007 ജൂണ്‍ 15നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്.