കടന്നുപോയ എട്ടുവർഷം ലോകം അഭിമുഖീകരിച്ചത് ഏറ്റവും ചൂട് കൂടിയ കാലഘട്ടമാണെന്ന് യുഎൻ റിപ്പോർട്ട്. ഈജിപ്തിൽ തുടക്കമായ കാലാവസ്ഥ ഉച്ചകോടിയാണ് റിപ്പോർട്ട് മുന്നോട്ട് വെച്ചത്. മഞ്ഞുരുകൽ, സമുദ്രജല നിരപ്പ് ഉയരൽ, ഉഷ്ണതരംഗ വ്യാപനം തുടങ്ങിയ കാലാവസ്ഥ വ്യതിയാനത്തിലെ അനുബന്ധ പ്രതിഭാസങ്ങളെ കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കി.
എൽനിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥ മാറ്റങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. സമുദ്ര ജലനിരപ്പിലുണ്ടാകുന്ന വർധന താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ പ്രളയ സാധ്യതയുണ്ടാക്കുന്നതായും വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷൻ ശാസ്ത്രജ്ഞരുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളൽ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലോകത്തെ വീണ്ടും ഓർമപ്പെടുത്തുന്നത് കൂടിയാണ്
ഈ യുഎൻ ഉച്ചകോടി.
2022 വരെയുള്ള എട്ടുവർഷക്കാലം വ്യവസായവത്കരണ കാലഘട്ടത്തെ (1850-1900) ശരാശരിയേക്കാൾ ആഗോള താപനിലയിൽ 1.15 ഡിഗ്രി സെൽഷ്യസിന്‌റെ വർധനയുണ്ടായി. കൂടാതെ കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്‌സൈഡ് എന്നിവ അന്തരീക്ഷത്തിൽ റെക്കോർഡ് അളവിലെത്തിയിരിക്കുന്നു എന്നും സമുദ്രനിരപ്പ് ഇരട്ടി വേഗത്തിൽ ഉയരുന്നു എന്നും ആൽപ്സിലെ ഹിമപാളികൾ ഉരുകുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിന്‌റെ ഫലമായുള്ള ഭക്ഷ്യ -ഊർജ പ്രതിസന്ധി രാജ്യങ്ങളുടെ കാലാവസ്ഥ സംരക്ഷണ ഇടപെടലുകൾക്ക് തടസമാകരുതെന്ന് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഈജിപ്ത് ആഹ്വാനം ചെയ്തു.