ഗാസയില്‍ കൂട്ടശവക്കുഴികള്‍ കണ്ടെത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടന. ഗാസ ആശുപത്രികളില്‍ ശവക്കുഴികള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി പ്രതികരിച്ചിരുന്നു. വ്യക്തവും സുതാര്യവുമായ അന്വേഷണം വിഷയത്തില്‍ വേണമെന്നാണ് യുഎന്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടത്.
അന്വേഷക സംഘത്തിന് സംഭവസ്ഥലം സന്ദര്‍ശിക്കാനുള്ള സാഹചര്യം ഒരുങ്ങണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ യുഎന്‍ വക്താവ് വിശദമാക്കി. നേരത്തെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയ സംഭവം ഞെട്ടിച്ചുവെന്ന് മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ തുര്‍ക്ക് വിശദമാക്കിയിരുന്നു. ഗാസയിലെ ഖാന്‍ യൂനിസിലെ നസീര്‍ ആശുപത്രി പരിസരത്താണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. ഇസ്രായേല്‍ സൈന്യം ഈ മേഖലയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ആയിരുന്നു കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
ഇസ്രായേലിന് 13 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. പ്രായമായ സ്ത്രീകളുടേയും കുട്ടികളുടേയും യുവാക്കളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച അല്‍ ഷിഫ ആശുപത്രി പരിസരത്തും കൂട്ട ശവക്കുഴി കണ്ടെത്തിയിരുന്നു.