അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യ രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ലഷ്‌കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാംപുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. താലിബാന്‍ ഭരണനേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യുഎന്‍ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
‘ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെ നാന്നൂറോളം പേര്‍ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നുണ്ട്. ”പുതിയ അഫ്ഗാന്‍ ഭരണകൂടം ഇവര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഭീകര സംഘടനകളെ വലയ്ക്കുന്നുണ്ട്. ഇക്കാരണം കൊണ്ടു തന്നെ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണം നടത്താന്‍ സംഘടനയ്ക്ക് പ്രാപ്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
‘അഫ്ഗാനിലെ നംഗര്‍ഹാറില്‍ എട്ട് ജെയ്‌ഷെ മുഹമ്മദ് പരിശീലന ക്യാമ്പുകളാണ് നടക്കുന്നത്. അതില്‍ മൂന്നെണ്ണം നേരിട്ട് താലിബാന്‍ നിയന്ത്രണത്തിലാണ്” കുനാറിലും നംഗര്‍ഹാറിലും ലഷ്‌കറി തൊയ്ബയുടെ മൂന്ന് ക്യാമ്പുകള്‍ വീതം നടക്കുന്നുണ്ടെന്നും നേരത്തെ ഇവര്‍ക്ക് താലിബാന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2022 ജനുവരിയില്‍ നംഗര്‍ഹാറിലെ ഹസ്‌ക മേന ജില്ലയിലെ ലഷ്‌കര്‍ പരിശീലന ക്യാമ്പ് താലിബാന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2021 ഒക്ടോബറില്‍, ലഷ്‌കറെ നേതാവ് മൗലവി അസദുള്ള താലിബാന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി നൂര്‍ ജലീലുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
കാബൂളിന്റെ പതനത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് യുഎന്‍എസ്സി ഉപരോധ സമിതിക്കിടയില്‍ ലഭിക്കുന്നത്. നിലവില്‍, യുഎന്‍എസ്സി ഉപരോധ സമിതിയുടെ അധ്യക്ഷന്‍ ഇന്ത്യയാണ്, റഷ്യയും യുഎഇയും വൈസ് ചെയര്‍മാന്‍മാരുമാണ്. കമ്മിറ്റിയില്‍ യുഎന്‍എസ്സിയിലെ 15 അംഗങ്ങളുമുണ്ട്.