ഒരു വർഷം മുമ്പ് അനേകം സാധാരണക്കാരെ കൊല്ലുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കുകളേൽപിച്ച വ്യോമാക്രമണങ്ങൾ നടത്താനും ദക്ഷിണ സുഡാനെ ഉഗാണ്ട സഹായിച്ചതായി യുഎൻ അന്വേഷണ റിപ്പോർട്ട്. സാധാരണക്കാരുടെ വീടുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
ഉഗാണ്ടൻ സൈന്യം ദക്ഷിണ സുഡാനിൽ സൈനികനടപടികൾ നടത്തിയതായി നിഷേധിച്ചിരുന്നു. എന്നാൽ, യുഎൻ റിപ്പോർട്ട് ഉഗാണ്ടൻ സൈന്യത്തിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്. ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സാൽവ കീറിന്റെ സർക്കാരിനെ പിന്തുണയ്ക്കാനാണ് ഉഗാണ്ടൻ സൈന്യം പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണ ബോംബുകൾക്കു പകരം ‘ഇംപ്രൊവൈസ്ഡ് ഇൻസെൻഡറി ഡിവൈസുകൾ’ (Improvised Incendiary Devices) അഥവാ പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം നിറച്ച വീപ്പകൾ വിമാനങ്ങളിൽ നിന്ന് താഴേക്ക് വർഷിച്ചാണ് ആക്രമങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പ്രതിപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങളെയാണ് പ്രധാനമായും ആക്രമിച്ചത്. ഇതിൽ ഭൂരിഭാഗവും നുവർ വിഭാഗക്കാർ താമസിക്കുന്ന ഇടങ്ങളായിരുന്നു. വ്യോമാക്രമണത്തിൽ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുകയും അനേകർക്ക് മാരകമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

