Monday, November 25, 2024

വധശിക്ഷയുമായി മ്യാന്‍മര്‍ സൈനിക ഭരണകൂടം; ആങ് സാന്‍ സ്യൂകിയുടെ രണ്ടു അനുയായികളേയും രണ്ടു ഭീകരരേയും തൂക്കിലേറ്റി; മനുഷ്യത്വ രഹിതമെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം

മ്യാന്‍മറില്‍ വധശിക്ഷ തുടര്‍ച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ആങ് സാന്‍ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച രണ്ടുപേരേയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. പതിറ്റാണ്ടുകളായി നിര്‍ത്തിവച്ചിരുന്ന വധശിക്ഷ വീണ്ടും നടപ്പാക്കുന്ന സൈനിക ഭരണകൂടത്തിനെതിരെ ആഗോളതലത്തില്‍ യുഎന്‍ മനുഷ്യാവകാശ വിഭാഗവും മറ്റ് സംഘടനകളും പ്രതിഷേധിക്കുകയാണ്. ഈ വര്‍ഷം ആദ്യം ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതുവരെ 114 പേരെ സൈന്യം തടവിലാക്കിയ ശേഷം വധിച്ചെന്ന ഗുരതരമായ ആരോപണവും മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുകയാണ്.

സൈനിക ഭരണകൂടം വധിച്ചവരിലെ രണ്ടുപേരും പ്രമുഖരായ ജനാധിപത്യ വാദികളായിരുന്നു. സൈന്യം 2021 ല്‍ ഭരണം തട്ടിയെടുത്ത ശേഷം നടന്നുവരുന്ന പ്രതിഷേധത്തില്‍ ഭീകരരെ സഹായിച്ചെന്നാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് മുതിര്‍ന്ന ജനാധിപത്യ സംരക്ഷകനും നേതാവുമായ കോ ജിമ്മി(53), നാഷണല്‍ ലീഗ് പാര്‍ലമെന്റംഗം പിയോ സയാര്‍ താവു(41) എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവര്‍ക്കൊപ്പം സ്ഫോടകവസ്തു സൈന്യത്തിന് നേരെ എറിഞ്ഞെന്ന കുറ്റത്തിന് പിടിയിലായ ഹ്ലാ മായോ ഓംഗ്, ആങ് തുരാ സോ എന്നീ രണ്ടുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു.

വധശിക്ഷ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ഒട്ടും ചേരാത്തതാണെന്നും മനുഷ്യത്വഹീനമായ നടപടിയാണെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടനാ പ്രതിനിധി ടോം ആന്‍ഡ്ര്യു ആരോപിച്ചു.

 

Latest News