Sunday, November 24, 2024

അഫ്ഗാനിസ്ഥാനില്‍ യുഎന്‍ വനിതാ ജീവനക്കാര്‍ക്ക് താലിബാന്റെ വിലക്ക്

അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ വനിതാ ജീവനക്കാരെ ജോലി ചെയ്യുന്നതില്‍നിന്ന് താലിബാന്‍ വിലക്കിയതായി ഐക്യരാഷ്ട്ര സഭ അധികൃതര്‍. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും താലിബാന്‍ നിലപാടില്‍ വലിയ ആശങ്കയുണ്ടെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ജോലിക്ക് ഹാജരാകുന്നതില്‍നിന്നാണ് വനിതാ ജീവനക്കാരെ വിലക്കിയത്.

വനിതാ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വിലക്ക് അംഗീകരിക്കാന്‍ കഴിയാത്തതും ചിന്തിക്കാന്‍ കഴിയാത്തതുമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി ഡുജാറിക് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

‘താലിബാന്റെ ഈ നിലപാട് അഫ്ഗാനിലെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചു വരികയാണ്. കാബൂളില്‍ നാളെ അധികാരികളുമായി ചര്‍ച്ചകള്‍ നടത്തുകയും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്യും’- ഡുജാറിക് കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും സമൂഹത്തിലെ അടിത്തട്ടിലിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ജീവനക്കാര്‍ ആവശ്യമാണെന്നും യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് വ്യക്തമാക്കി.

 

Latest News