Tuesday, November 26, 2024

യുഎൻ സെക്രട്ടറി ജനറലിൻറെ ഹമാസ് അനുകൂല നിലപാട്: രാജി ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ

ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ യുഎൻ സെക്രട്ടറി ജനറലിൻറെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിൽ അതൃപ്തി അറിയിച്ച് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ. ഹമാസ് ഭീകരത കണ്ടില്ലെന്നു നടിച്ച് അവരെ പിന്തുണയ്ക്കുന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിൻറേതെന്നായിരുന്നു എർദാൻറെ പ്രതികരണം. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യാനുള്ള പ്രചാരണത്തിന് അനുകൂലിക്കുന്ന യു.എൻ സെക്രട്ടറി ജനറൽ യുഎന്നിനെ നയിക്കാൻ യോഗ്യനല്ലെന്നും എത്രയും വേഗം രാജിവയ്ക്കണമെന്നും എർദാൻ ആവശ്യപ്പെട്ടു.

ഹമാസിനതിരായ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം ആശങ്ക ഉന്നയിച്ചിരുന്നു. “ഗാസയിൽ നടക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് എനിക്ക് അഗാധമായ ഉത്കണ്ഠയുണ്ട്. സായുധ പോരാട്ടത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ല.”- സുരക്ഷാ കൗൺസിൽ സെഷനിലായിരുന്നു ഗുട്ടെറസിന്റെ പ്രതികരണം. ഇതേ തുടർന്നാണ് ഗുട്ടെറസിൻറെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ രംഗത്തെത്തിയത്.

“യു.എൻ സെക്രട്ടറി ജനറൽ പദവി ഉടൻ രാജിവയ്ക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. ഇസ്രയേൽ പൗരന്മാർക്കും ജൂതജനങ്ങൾക്കും നേരെ നടന്ന ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ ന്യായീകരണമോ അർഥമോ ഇല്ല.”- എർദാൻ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിൽ 1,400 പേർകൊല്ലപ്പെടുകയും അതിർത്തി കടന്നുള്ള ആക്രമണത്തിൽ 200ലധികം പേരെ തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കുയും ചെയ്തിരുന്നു.

Latest News