വർഷങ്ങളായി, ഗർഭകാലത്തും പ്രസവസമയത്തും മരിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും യു എസ് ഗവൺമെന്റിന്റെ ധനസഹായങ്ങൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ ഇതുവരെയുള്ള ഈ നേട്ടം ഇല്ലാതെയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിപ്പ് നൽകുന്നു. 2000 നും 2023 നുമിടയിൽ ആഗോളതലത്തിൽ മാതൃമരണങ്ങളിൽ 40 ശതമാനമാണ് കുറവുണ്ടായതായതെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള യു എൻ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.
അവശ്യ ആരോഗ്യസേവനങ്ങളുടെ മെച്ചപ്പെട്ട സേവനമാണ് ഇതിനു പ്രധാന കാരണം. യു എസ് ഗവൺമെന്റ് വിദേശസഹായം മരവിപ്പിക്കുകയും നിരവധി പരിപാടികൾക്കായി യു എസ് എ ഐ ഡി വഴിയുള്ള ധനസഹായം നിർത്തലാക്കുകയും ചെയ്തു. ഇതോടെ സഹായധനത്തിൽ കുറവ് ഉണ്ടായെന്ന് റിപ്പോർട്ടിനൊപ്പമുള്ള പ്രസ്താവനയിൽ ലോകാരോഗ്യ സംഘടന പറഞ്ഞു.
ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റു ദാതാക്കളുടെ രാജ്യങ്ങളും സഹായബജറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. “ധനസഹായം വെട്ടിക്കുറയ്ക്കുന്നത് പുരോഗതിയെ മാത്രമല്ല, മാറ്റത്തെയും അപകടത്തിലാക്കും” – ലോകാരോഗ്യ സംഘടനയിലെ യൂണിവേഴ്സൽ ഹെൽത്ത് കവറേജിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ബ്രൂസ് എയ്‌ൽവാർഡ് പറഞ്ഞു. പകർച്ചവ്യാധി പോലുള്ള കാര്യങ്ങളിലേക്ക് ഇത്തരത്തിലുള്ള സഹായധനം വെട്ടിക്കുറക്കലുകൾ നയിച്ചേക്കാം.