Tuesday, November 26, 2024

കടലിനടിയില്‍ അഗ്നിപര്‍വതസ്‌ഫോടനം: ജപ്പാനില്‍ പുതിയ ദ്വീപ് രൂപപ്പെട്ടതായി ദൗമശാസ്ത്രജ്ഞര്‍

തെക്കന്‍ ജപ്പാനില്‍ കടലിനടിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടെന്ന വാദവുമായി ദൗമശാസ്ത്രജ്ഞര്‍. അഗ്നിപര്‍വത ദ്വീപസമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍നിന്ന് പുതിയ ദ്വീപ് ഉയര്‍ന്നുവന്നതെന്നാണ് അവകാശവാദം. പുതിയ ദ്വീപിന് ഏകദേശം 100 മീറ്ററോളം വ്യാസമുണ്ടെന്ന് ദൗമശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ടോക്കിയോയില്‍ നിന്ന് 750 മൈല്‍ (1,200 കിലോമീറ്റര്‍) തെക്ക് മാറിയാണ് പുതിയ ദ്വീപ് രൂപംകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 30 -നാണ് പുതിയ ദ്വീപ് കണ്ടെത്തിയതെന്ന് ടോക്കിയോ സര്‍വകലാശാല വ്യക്തമാക്കിയത്. ഭൂമിയുടെയും ഭൗമശാസ്ത്രത്തിന്റെയും ചലനാത്മകത വ്യക്തമാക്കുന്ന അത്യപൂര്‍വസംഭവമാണിതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.

ഒക്ടോബര്‍ 21 മുതലാണ് കടലിനടിയില്‍ സ്ഫോടനങ്ങള്‍ ആരംഭിച്ചത്. പത്തു ദിവസങ്ങള്‍ നീണ്ട സ്ഫോടനത്തിനൊടുവില്‍ അഗ്‌നിപര്‍വതത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന വസ്തുക്കള്‍ ആഴം കുറഞ്ഞ കടല്‍ത്തീരത്ത് അടിഞ്ഞുകൂടുകയും സമുദ്രോപരിതലത്തിനുമുകളില്‍ ഉയരുകയും ചെയ്തു. ഇത് പിന്നീട് ദ്വീപ് പ്രദേശമായി മാറുകയായിരുന്നു. അതിനിടെ, പുതിയ ദ്വീപ് പ്രദേശത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെയും യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെയും സംയുക്ത ഉപഗ്രഹമായ ലാന്‍ഡ്‌സാറ്റ് – 9 ആണ് പുതുതായി രൂപപ്പെട്ട ദ്വീപിന്റെ ചിത്രം പങ്കുവച്ചത്.

Latest News