രാജ്യത്ത് വിലക്കയറ്റത്തോടൊപ്പം അതിരൂക്ഷമായ തൊഴിലില്ലായ്മയും. തൊഴിലില്ലായ്മാ നിരക്ക് ഏപ്രിലില്‍ 7.83 ശതമാനത്തിലേക്ക് ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഇഐ) കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്.
നഗരങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് മാര്‍ച്ചിലെ 8.28 ശതമാനത്തില്‍ നിന്ന് 9.22 ശതമാനമായി ഉയര്‍ന്നു. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 7.29 ശതമാനത്തില്‍ നിന്ന് 7.18 ശതമാനമായി കുറഞ്ഞു. ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് ഹരിയാനയിലാണ്- 34.5 ശതമാനം. രാജസ്ഥാനില്‍ 28.8 ഉം, ബീഹാറില്‍ 21.2 ഉം ഡല്‍ഹിയില്‍ 11.2 ഉം ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്.
തൊഴിലില്ലായ്മാ നിരക്കിനൊപ്പം പുതിയ ഇപിഎഫ് വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. ജനുവരിയില്‍ 11.14 ലക്ഷം പുതിയ ഇപിഎഫ് വരിക്കാരുണ്ടായിരുന്നത് ഫെബ്രുവരിയില്‍ 9.34 ലക്ഷമായി കുറഞ്ഞു. ഇന്ത്യയില്‍ നിയമപ്രകാരം തൊഴിലെടുക്കാവുന്ന 90 കോടി പേരില്‍ പകുതിയിലേറെയും തൊഴില്‍ കിട്ടാത്തതില്‍ നിരാശരായി തൊഴിലന്വേഷണം അവസാനിപ്പിച്ചതായി സിഎംഇഐ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ പങ്കാളിത്ത നിരക്കാകട്ടെ 46 ശതമാനത്തില്‍ നിന്നും നാല്‍പ്പത് ശതമാനമായി കുറഞ്ഞു.
തൊഴിലില്ലായ്മ കൂടിയതിനൊപ്പം വിലക്കയറ്റവും രൂക്ഷമാവുകയാണ്. മാര്‍ച്ചില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 6.91 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 7.68 ശതമാനമാണ്.