സ്കൂളുകളിൽ ഭക്ഷണലഭ്യത വർധിപ്പിക്കുക മാത്രമല്ല, അവയുടെ പോഷകനിലവാരം മെച്ചപ്പെടുത്തുകയും വേണമെന്ന് യുനെസ്കോയുടെ പുതിയ റിപ്പോർട്ടില്‍ പറയുന്നു. ഈ കാര്യം യുനെസ്കോ സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. 2024 ൽ ലോകമെമ്പാടുമുള്ള പ്രൈമറി സ്കൂൾ വിദ്യാർഥികളിൽ പകുതിയോളം പേർക്ക് സ്കൂൾ ഭക്ഷണം ലഭിച്ചിരുന്നെങ്കിലും ഭക്ഷണത്തിന്റെ പോഷകമൂല്യം ഒരു അടിയന്തര ആശങ്കയായി തുടരുന്നുവെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 മാർച്ച് 27, 28 തീയതികളിൽ ഫ്രാൻസ് ആതിഥേയത്വം വഹിച്ച ന്യൂട്രീഷൻ ഫോർ ഗ്രോത്ത് ഉച്ചകോടിയോട് അനുബന്ധിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
‘വിദ്യാഭ്യാസവും പോഷകാഹാരവും: നന്നായി കഴിക്കാൻ പഠിക്കുക’ എന്ന തലക്കെട്ടോടെ, ലോകമെമ്പാടുമുള്ള സ്കൂൾ ഭക്ഷണത്തിന്റെ 27 ശതമാനവും പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തോടെ വികസിപ്പിച്ചെടുത്തതല്ലെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുകാണിച്ചു. 187 രാജ്യങ്ങളിൽ 93 രാജ്യങ്ങളിൽ മാത്രമേ സ്കൂളുകളിൽ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള നിയമനിർമ്മാണമോ, മാർഗനിർദ്ദേശങ്ങളോ ഉള്ളൂ. കഫറ്റീരിയകളിലും വെൻഡിംഗ് മെഷീനുകളിലും വിൽക്കുന്ന ഭക്ഷണങ്ങളുടെ നിയന്ത്രണങ്ങൾ ഇപ്പോഴും വളരെ കുറച്ചു രാജ്യങ്ങളിൽ മാത്രമേയുള്ളൂ. മാത്രമല്ല, പോഷകാഹാരം നിറഞ്ഞ സ്കൂൾഭക്ഷണം ആരോഗ്യവും അക്കാദമിക് ഫലങ്ങളും മെച്ചപ്പെടുത്തുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പഠനങ്ങൾ കാണിക്കുന്നത് സ്കൂൾ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം ഒൻപതു ശതമാനവും ഹാജർനില എട്ടുശതമാനവും വർധിച്ചുവെന്നുമാണ്. എന്നിരുന്നാലും, 1990 മുതൽ മിക്ക രാജ്യങ്ങളിലും സ്കൂൾപ്രായത്തിലുള്ള കുട്ടികളിൽ പൊണ്ണത്തടി ഇരട്ടിയിലധികം വർധിച്ചു. മികച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും ഉപയോഗിക്കുന്നതിനെക്കുറിച്ചു പറയുകയും സ്കൂൾ പാഠ്യപദ്ധതിയിൽ ഭക്ഷ്യവിദ്യാഭ്യാസം ഉൾപ്പെടുത്താൻ യുനെസ്കോ ശുപാർശ ചെയ്യുകയും ചെയ്തു.
“സ്കൂളുകൾ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്ന സ്ഥലമായിരിക്കണം; അത് ദുർബലപ്പെടുത്തരുത്” എന്ന് 2024 ൽ യുനെസ്കോ ഗുഡ്‌വിൽ അംബാസഡറായി നിയമിതനായ മിഷേലിൻ-താരനായ ഷെഫ് ഡാനിയേൽ ഹം പറഞ്ഞിരുന്നു. ഭക്ഷണവുമായുള്ള അവരുടെ ബന്ധത്തെ കൂടുതൽ ബലപ്പെടുത്തുകയും നല്ല ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവരുടെ അറിവ് വർധിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.