Monday, November 25, 2024

ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയില്‍ ഏറെ പ്രതീക്ഷ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യുഎന്‍ പൊതുസഭ അദ്ധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎന്‍ പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി. സെക്യൂരിറ്റി കൗണ്‍സില്‍ ഉള്‍പ്പടെയുള്ള യുഎന്‍ സംവിധാനങ്ങളില്‍ പരിഷ്‌കരണം നടത്തേണ്ട പ്രാധാന്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. ആഗോള രാഷ്ട്രീയ വിഷയങ്ങളും ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച വിഷയമായി.

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വമെന്ന ആവശ്യത്തെ മതിയായ രീതിയില്‍ പിന്തുണക്കാത്ത ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാടിനെ കൊറോസി നിശിദമായി വിമര്‍ശിച്ചു. സെക്യൂരിറ്റി കൗണ്‍സിലില്‍ താത്കാലിക അംഗമെന്ന നിലയില്‍ ഇന്ത്യ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയില്‍ മൂന്നാംലോക രാഷ്ട്രങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

ജനറല്‍ അസംബ്ലിയുടെ 77-മത് അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കൊറോസി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആഗോള വിഷയങ്ങളില്‍ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മുന്‍നിര്‍ത്തി പരിഹാരം കാണാന്‍ ശ്രമിക്കുന്ന കൊറോസിയുടെ സമീപനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ കൊറോസി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2022 സെപ്റ്റംബര്‍ 13-നാണ് 77-മത് യുഎന്‍ പൊതുസഭ അദ്ധ്യക്ഷനായി ഹംഗറിക്കാരനായ കൊറോസി സ്ഥാനമേറ്റത്. 2011-2012 കാലഘട്ടത്തില്‍ പൊതുസഭാ യോഗത്തില്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയിലെ ഹംഗറിയുടെ സ്ഥിര പ്രതിനിധിയിരുന്നു അദ്ദേഹം.

 

 

Latest News