നീണ്ട വർഷത്തെ ആസാദ് ഭരണം അവസാനിച്ചതിനെ തുടർന്ന് സിറിയയിലെ കുട്ടികൾക്ക് സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കണമെന്ന് യൂണിസെഫ് സംഘടന. നിലവിലെ സാഹചര്യത്തിൽ ഏകദേശം 7.5 ദശലക്ഷം കുട്ടികൾക്ക് മാനുഷികസേവനങ്ങൾ ആവശ്യമാണെന്നും 6.4 ദശലക്ഷം കുട്ടികൾക്ക് സംരക്ഷണസേവനങ്ങൾ അടിയന്തിരമായി ആവശ്യമാണെന്നും സംഘടന വിലയിരുത്തുന്നു.
2020 മുതൽ വിവിധ തരത്തിലുള്ള സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും, ഏകദേശം 1,260 ലധികം കുട്ടികളാണ് സിറിയയിൽ കൊല്ലപ്പെട്ടത്. രാജ്യത്തെ 40 ശതമാനത്തോളം ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തനരഹിതമായി അവശേഷിക്കുന്നതിനാൽ ആളുകൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. സിറിയൻ കുടുംബങ്ങൾ തങ്ങളുടെ രാജ്യത്തിനായി ഒരു പുതിയ പ്രതീക്ഷ കണ്ടെത്തുമ്പോൾ കുട്ടികൾക്ക് ശുഭമായ ഒരു ഭാവി പ്രദാനം ചെയ്യാൻ ലോകരാഷ്ട്രങ്ങൾ സഹായിക്കണമെന്നും സംഘടന അഭ്യർഥിച്ചു.
ഇന്ധനം, റൊട്ടി, അടിസ്ഥാന സാധനങ്ങൾ എന്നിവയുടെ വില അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഏറ്റവും ദുർബലരായ കുട്ടികളും കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലേക്കു വീഴുന്നത് തടയാൻ സിറിയയ്ക്ക് വലിയ തോതിലുള്ള സാമൂഹികസംരക്ഷണ പരിപാടി ആവശ്യമാണെന്നും സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.