Tuesday, January 21, 2025

പാകിസ്ഥാന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിൽ: കുട്ടികൾക്കായി 32 ടൺ സഹായം കൈമാറി യുണിസെഫ്

പാകിസ്ഥാനിലെ മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെയും സ്ത്രീകളെയും സഹായിക്കാൻ യൂണിസെഫ് 32 ടൺ ജീവൻരക്ഷാ മെഡിക്കൽ സാമഗ്രികളും മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചു. കോപ്പൻഹേഗനിലെ യൂണിസെഫിന്റെ വിതരണ വിഭാഗത്തിൽ നിന്നാണ് മരുന്നുകൾ, മെഡിക്കൽ സാമഗ്രികൾ, ജലശുദ്ധീകരണ ഗുളികകൾ, സുരക്ഷിതമായ ഡെലിവറി കിറ്റുകൾ, തെറാപ്യൂട്ടിക് ഫുഡ് സപ്ലിമെന്റുകൾ എന്നിവയുമായി ഒരു കപ്പൽ കറാച്ചിയിലെത്തിയത്.

സിന്ധ് പ്രവിശ്യ ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെ പ്രതിനിധിയായ പാകിസ്ഥാൻ സർക്കാരിന് യൂണിസെഫ് സാധനങ്ങൾ കൈമാറി. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന 72 ജില്ലകളിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും സഹായം ഉടൻ എത്തിക്കും. വെള്ളപ്പൊക്കം കുട്ടികളെയും കുടുംബങ്ങളെയും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമല്ലാതെ തുറസ്സായ സ്ഥലത്താക്കിയിരിക്കുന്നു എന്ന് പാകിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി അബ്ദുള്ള ഫാദിൽ പറഞ്ഞു. കോളറ, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ജലജന്യ രോഗങ്ങളുടെ പകർച്ചവ്യാധിയുടെ അപകടസാധ്യത ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മലിനമായ വെള്ളം കുടിക്കാനും തുറസ്സായ സ്ഥലത്തെ പ്രാഥമീക കർമ്മങ്ങൾ നിർവ്വഹിക്കാനും ആളുകൾ നിർബന്ധിതരാകുന്നതിനാൽ കൊതുകുകളുടെ വർദ്ധന, പാമ്പുകടി, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ അപകടങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

അതിജീവനത്തിനായി പോരാടുന്ന കുട്ടികളെ സഹായിക്കാൻ തങ്ങൾക്ക് അടിയന്തിര പിന്തുണ ആവശ്യമാണ് എന്ന് യൂണിസെഫ് ആവശ്യപ്പെട്ടു.

Latest News