Thursday, November 28, 2024

ലെബനനിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്‌ത്‌ യൂണിസെഫ്

ഇസ്രായേൽ – ലെബനൻ സംഘർഷത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ, യുദ്ധത്തിന്റെ അവസാനത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കാമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നടന്ന ആക്രമണങ്ങളിൽ ലെബനോനിലെ നിരവധി വീടുകളും ആശുപത്രികളും പൊതുമേഖലാസ്ഥാപനങ്ങളും തകർക്കപ്പെട്ടിരുന്നു എന്നും രാജ്യത്ത് ഏതാണ്ട് ഇരുപതു ലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും കാതറിൻ റസ്സൽ ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ വെടിനിർത്തൽ, സമാധാനം സ്ഥാപിക്കപ്പെടാനുള്ള ഒരു അവസരമാക്കി മാറ്റിയെടുക്കണമെന്നും കുട്ടികൾക്കും കുടുംബങ്ങൾക്കും, പ്രത്യേകിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർക്കും അഭയാർഥികളായി കഴിയുന്നവർക്കും അവരുടെ സ്വസമൂഹത്തിലേക്ക് സുരക്ഷിതമായി തിരികെപ്പോകാനുള്ള അവസരമാകണം ഇതെന്നും ശിശുക്ഷേമനിധി അധ്യക്ഷ ഓർമിപ്പിച്ചു. കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷിതത്വം ഏറെ പ്രധാനപ്പെട്ടതാണെന്നും റസ്സൽ എടുത്തുപറഞ്ഞു.

മാനവിക സേവനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന സംഘടനകൾക്ക് സുരക്ഷിതമായി ആക്രമണങ്ങൾക്ക് ഇരകളായ മനുഷ്യരുള്ള ഇടങ്ങളിൽ എത്താനും അവിടെയുള്ളവർക്ക് ജീവൻരക്ഷാ സേവനം ഉൾപ്പെടെയുള്ള സഹായമെത്തിക്കാനും സാധിക്കണമെന്ന് യൂണിസെഫ് അധ്യക്ഷ ആവശ്യപ്പെട്ടു. കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുടിവെള്ളം, ഭക്ഷണം, മരുന്ന്, മാനസികാരോഗ്യ സഹായം തുടങ്ങിയവ ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News