Sunday, November 24, 2024

ഏക സിവില്‍ കോഡ് നിയമം: അഭിപ്രായം അറിയിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം

ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതു ജനങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ രണ്ടു ദിവസം കൂടി മാത്രം. ഇതുവരെ 46 ലക്ഷത്തോളം പ്രതികരണങ്ങൾ ലഭിച്ചതായി 22-ാം നിയമ കമ്മീഷന്‍ അറിയിച്ചു. ജൂണ്‍ 14 മുതല്‍ തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകളാണ് ഇത്.

വ്യത്യസ്ത സമുദായങ്ങളിൽ നിലനിൽക്കുന്ന വ്യക്തിനിയമങ്ങൾ ഇല്ലാതാക്കി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് മതപണ്ഡിതന്മാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ശേഖരിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധിയാണ് മറ്റന്നാള്‍ അവസാനിക്കുക. കഴിഞ്ഞ മാസം 14നാണ് നിയമ കമീഷൻ ഇതു സംബന്ധിച്ച അറിയിപ്പ്​ പുറപ്പെടുവിച്ചത്. മുൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനും മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരൻ അടക്കം ആറംഗങ്ങളടങ്ങുന്ന കമ്മീഷന്‍റേതാണ് അറിയിപ്പ്.

ഏകീകൃത സിവിൽകോഡ് അനിവാര്യമോ പ്രായോഗികമോ അല്ലെന്നും ഏതെങ്കിലും മതാചാരത്തിന്റെ പേരിൽ വിവേചനപരമായ സമ്പ്രദായങ്ങളോ നടപടികളോ നിലനിൽക്കുന്നുണ്ടെങ്കിൽ അവ പഠിച്ച് ഭേദഗതികൾ വരുത്തണമെന്നായിരുന്നു 21-ാം നിയമകമ്മീഷന്‍റെ അഭിപ്രായം. എന്നാല്‍ 22-ാം നിയമകമ്മീഷന്‍ ഇതിനെ മറികടന്നാണ് അഭിപ്രായ ശേഖരണവുമായി രംഗത്തെത്തിയത്. അംഗീകൃത മത സംഘടനകളുടെ നേതാക്കളുമായി വിഷയത്തെ കുറിച്ച് ഹിയറിങ് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

 

Latest News