Monday, November 25, 2024

ഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും

മത/ ജാതിബദ്ധമായ വ്യക്തിനിയമങ്ങൾക്കു പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വേറിട്ട രീതികളിൽ കൈകാര്യം ചെയ്യാനാവുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാകുന്നതുവഴി ഇത്തരം കാര്യങ്ങളിലുള്ള വ്യത്യസ്തരീതികൾ ഇല്ലാതാകുകയും എല്ലാ ഇന്ത്യൻ പൗരന്മാരും മേൽപ്പറഞ്ഞ വിഷയങ്ങൾ സംബന്ധിച്ച് ജാതിമത വ്യത്യാസമില്ലാതെ ഒറ്റനിയമത്തിനു കീഴിലാകുകയും ചെയ്യും.

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ ഈ അടുത്ത കാലത്തായി സജീവമായിട്ടുണ്ട്. 2018-ൽ ഇരുപത്തിയൊന്നാമത് കേന്ദ്രനിയമ കമ്മീഷൻ പ്രസിദ്ധീകരിച്ച കൺസൾട്ടേഷൻ പേപ്പർ പ്രകാരം, ഇന്ത്യയുടെ സാംസ്‌ക്കാരിക -സാമൂഹിക പശ്ചാത്തലത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണ് എന്ന വിലയിരുത്തലാണുള്ളത്. അത് അനാവശ്യമാണ് എന്ന് കാര്യകാരണസഹിതം നിയമ കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നു. പിന്നീട് അഞ്ചു വർഷങ്ങൾക്കു ശേഷം, 2023 ജൂൺ 14-ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്ന് ക്ഷണിച്ചിരിക്കുകയാണ്. ഒപ്പം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഈ ദിവസങ്ങളിൽ അനുകൂല നിലപാട് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇതു സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമായിരിക്കുന്നു.

ചില മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടരുന്നതായി വിലയിരുത്തപ്പെട്ടിട്ടുള്ള വിവേചനങ്ങളും അനീതികളുമൊക്കെ പരിഹരിക്കാൻ യൂണിഫോം സിവിൽ കോഡ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ ഉയർത്തുന്ന പ്രധാന വാദഗതി. മതപരമായ അനുശാസനങ്ങൾക്കും സാംസ്‌ക്കാരിക വൈവിധ്യങ്ങൾക്കും ഇന്ത്യൻ ഭരണഘടനയും നിയമവും നൽകിവന്നിരുന്ന പരിഗണനയും അനുഭാവവും പൂർണ്ണമായി ഇല്ലാതാകുമെന്ന ആശങ്കയാണ് ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർക്കുള്ളത്. രണ്ടു വാദഗതികളിലും ചില വാസ്തവങ്ങൾ ഉണ്ടെങ്കിലും, നടപ്പാക്കിയേക്കാവുന്ന ഏകീകൃത സിവിൽ കോഡിന്റെ യഥാർത്ഥ ചിത്രം (രൂപരേഖ) എന്താണ് എന്നുള്ളതിനെക്കുറിച്ചുള്ള അവ്യക്തത, വസ്തുനിഷ്ടമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അത്തരം ആശയക്കുഴപ്പങ്ങളിൽ നിന്നുളവാകുന്ന ആശങ്കകൾ ഏകീകൃത സിവിൽ നിയമത്തെകുറിച്ച് നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കുന്നതിന് തടസമായി നിലകൊള്ളുന്നു.

ഗോവയിലെ ഏകീകൃത സിവിൽ കോഡ്

ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 44 പ്രകാരം, നിർദേശക തത്വങ്ങളുടെ ഗണത്തിലാണ് ഏകീകൃത സിവിൽ കോഡ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്നുണ്ടെങ്കിലും, ഗോവ ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ഏകീകൃത സിവിൽ കോഡ് നിലവിലില്ല. 1869-ൽ ഗോവയിൽ നടപ്പാക്കപ്പെട്ട പോർച്ചുഗീസ് സിവിൽ കോഡിന്റെ തുടർച്ചയാണ് ഇപ്പോഴും അവിടെ നിലനിൽക്കുന്ന ഏകീകൃത സിവിൽ കോഡ് എന്നുള്ളതാണ് വസ്തുത. 1966-ൽ ആ നിയമത്തിൽ ചില പരിഷ്കരണങ്ങൾ വരുത്തപ്പെടുകയുണ്ടായി. ഗോവൻ ഏകീകൃത സിവിൽ കോഡ് പ്രകാരം, ഒരു സിവിൽ അതോറിറ്റിയുടെ മുമ്പാകെ വിവാഹങ്ങളെല്ലാം നിർബന്ധമായും രജിസ്റ്റർ ചെയ്യപ്പെടേണ്ടതുണ്ട്. മറ്റ് ഉടമ്പടികൾ ഇല്ലാത്തപക്ഷം വിവാഹമോചിതയാകുന്ന സ്ത്രീക്ക്, ഭർത്താവിന് പൈതൃകമായി ലഭിക്കുന്ന സ്വത്തിൽ ഉൾപ്പെടെ എല്ലാ പൊതുസ്വത്തിലും തുല്യപങ്കിനുള്ള അവകാശമുണ്ടായിരിക്കും. മാതാപിതാക്കൾ തങ്ങളുടെ സ്വത്തിന്റെ പകുതിയെങ്കിലും നിർബന്ധമായും പെൺമക്കൾക്ക് ഉൾപ്പെടെ ഭാഗം ചെയ്തുകൊടുത്തിരിക്കണമെന്നും ഗോവയിലെ ഏകീകൃത സിവിൽ നിയമം അനുശാസിക്കുന്നു.

എന്നാൽ, ഗോവയിലെ ഏകീകൃത സിവിൽ കോഡ് തീർത്തും നിഷ്പക്ഷമല്ല. ഭാര്യക്ക് 25 വയസ് പൂർത്തിയായിട്ടും കുട്ടികൾക്ക് ജന്മം നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലോ, മുപ്പതു വയസ് പൂർത്തിയാകുന്നതു വരെയും ആൺകുട്ടിക്ക് ജന്മം നൽകാൻ കഴിഞ്ഞില്ലെങ്കിലോ ഹൈന്ദവനായ ഭർത്താവിന് മറ്റൊരു വിവാഹം കഴിക്കാൻ നിയമം അനുമതി നൽകുന്നു. മറ്റു മതസ്ഥർക്ക് ബഹുഭാര്യത്വം അനുവദനീയമല്ല. കത്തോലിക്കാ സഭയിൽപെട്ടവർക്ക് പള്ളിയിൽ വച്ച് വിവാഹം നടത്താൻ സിവിൽ രജിസ്ട്രാറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രം മതി. എന്നാൽ, മറ്റുള്ളവർക്കെല്ലാം രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നു സ്ഥാപിച്ചാൽ മാത്രമേ ഹൈന്ദവനായ ഭർത്താവിന് വിവാഹമോചനം ലഭിക്കുകയുള്ളൂ. മറ്റു മതസ്ഥർക്ക് മറ്റു കാരണങ്ങളും ആകാം.

ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന് ലഭ്യമായ ഏകമാതൃകയാണ് ഗോവയിലേത്. കഴിഞ്ഞ ചില വർഷങ്ങൾക്കിടെ ബിജെപി ഭരിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, എല്ലായ്‌പ്പോഴും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ എതിർപ്പുകൾ ഉയരുകയുണ്ടായി. ഏറ്റവും ചെറിയ ഇന്ത്യൻ സംസ്ഥാനമായ ഗോവയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കുന്നത് മാതൃകയായി ചൂണ്ടിക്കാണിക്കുമ്പോഴും കൂടുതൽ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചും ഇന്ത്യയെ പൊതുവിൽ കണക്കിലെടുക്കുമ്പോഴും വെല്ലുവിളികളും ആശങ്കകളും ഏറെയാണ്.

ഇന്ത്യയിലെ സാംസ്‌ക്കാരിക വൈവിധ്യം

മതപരമായ അനുശാസനങ്ങൾക്ക് വ്യക്തിജീവിതത്തിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന ഘട്ടങ്ങളിലും സാംസ്‌ക്കാരിക പൈതൃകവും പാരമ്പര്യവും നിലനിർത്തേണ്ടതായുള്ള സാഹചര്യങ്ങളിലും വ്യത്യസ്തമായ വ്യക്തിനിയമങ്ങൾ അതിന് അവസരമൊരുക്കുന്നു. ഇന്ത്യയുടെ ഭരണഘടനക്കും നിയമവ്യവസ്ഥിതിക്കും അനുസൃതമായി മതവിശ്വാസത്തെയും സംസ്‌ക്കാരത്തെയും പാരമ്പര്യത്തെയും ആചാരങ്ങളെയും ക്രമീകരിക്കാൻ വിവിധ വിഭാഗങ്ങൾക്ക് അപ്രകാരം കഴിയുന്നു. വിവാഹവും വിവാഹമോചനവും പോലുള്ളവക്ക് രാഷ്ട്രനിയമങ്ങൾക്കു മുന്നിൽ പ്രാധാന്യമുള്ളതുപോലെ തന്നെ, മതവിശ്വാസപരമായും അവ സുപ്രധാനമാണ്. കത്തോലിക്കാ സഭയുടെ നിലപാടുകൾ ഉദാഹരണമാണ്. സഭയുടെ പ്രബോധനങ്ങൾ പ്രകാരം വിവാഹബന്ധം അതിന്റെ കൗദാശിക സ്വഭാവത്താൽ സിവിൽ നിയമത്തിനു മുന്നിലെന്നതിനേക്കാൾ ഉറപ്പുള്ളതായാണ് പരിഗണിക്കപ്പെടുന്നത്. അതിനാൽ തന്നെ വിവാഹമോചനം എന്നതിന്റെ നിർവചനത്തിനു പോലും വ്യത്യാസമുണ്ട്. മതവിശ്വാസ സംബന്ധമായ ഇത്തരം നിലപാടുകളെ സൂക്ഷ്മമായി പരിഗണിക്കേണ്ട ഘട്ടങ്ങളിൽ അതിനുള്ള സാധ്യത ഒരുക്കുന്നിടത്താണ് വ്യക്തിനിയമങ്ങളുടെ പ്രാധാന്യവും പ്രസക്തിയും കൂടുതൽ വ്യക്തമാകുന്നത്.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ മൂന്നു മതങ്ങളായി മാത്രം ഇന്ത്യൻ ജനതയെ കണ്ടുകൊണ്ടുള്ള സാമാന്യ സമീപനം ആരോഗ്യകരമല്ല. തങ്ങളുടെ സ്വത്വം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ മതവിഭാഗങ്ങൾ മറ്റു പലതുമുണ്ട്. അതിനേക്കാളേറെ, തങ്ങളുടെ പ്രത്യേകമായ സാംസ്‌ക്കാരികതനിമ സൂക്ഷിക്കുന്ന ഗോത്രവർഗ്ഗങ്ങൾ, ആദിവാസി വിഭാഗങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പാർശ്വവൽക്കരിക്കപ്പെട്ട ലക്ഷകണക്കിന് മനുഷ്യരും ഇന്ത്യയിൽ ജീവിക്കുന്നു. അവരവരുടെ സംസ്‌ക്കാരവും രീതികളും തുടരുന്നതിൽ ഇത്തരമൊരു നിയമനിർമ്മാണം പ്രതിബന്ധം സൃഷ്ടിക്കുമോ എന്നുള്ള ആശങ്ക പ്രസക്തമാണ്. അക്കാരണത്താലാണ്, സംസ്ഥാനങ്ങളുടെ പ്രത്യേകമായ സാമൂഹിക – സാംസ്‌ക്കാരിക സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യൻ ഭരണഘടനയുടെ സൃഷ്ടാക്കൾ സംസ്ഥാന ഭരണകൂടങ്ങളെ ഭരമേല്പിച്ചത്. ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന 1950 ജനുവരി 26-ന് രാജ്യത്തുണ്ടായിരുന്ന വൈവിധ്യങ്ങൾക്കും സാഹചര്യത്തിനും ഇന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നുള്ളതു കൂടി പരിഗണിച്ചാണ് 2018-ൽ ഇരുപത്തിയൊന്നാം നിയമ കമ്മീഷൻ യൂണിഫോം സിവിൽ കോഡ് പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചത്.

വ്യക്തിനിയമങ്ങളിലെ വിവേചനങ്ങൾ

ലിംഗപരമായ വേർതിരിവുകളും അസമത്വവും ഉണ്ടെന്നുള്ള ആരോപണങ്ങളാണ് മുഖ്യമായും ചില വ്യക്തിനിയമങ്ങൾക്കെതിരെ ഉള്ളത്. എന്നാൽ, വ്യക്തിനിയമങ്ങളിൽ കാലാനുസൃതമായ പല പരിഷ്കരണങ്ങളും ഉണ്ടായിട്ടുണ്ട് എന്നുള്ളതുപോലെ തന്നെ ഇനിയും ഭേദഗതികൾ വരുത്താവുന്നതുമാണ്. പിന്നീട് നടപ്പായിട്ടുള്ള മറ്റു പല നിയമങ്ങളിലെയും (ഉദാ: വിവാഹപ്രായം: പോക്സോ നിയമം, അഡോപ്‌ഷൻ: ഗാർഡിയൻ ആൻഡ് വാർഡ് നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് മുതലായവ) വിവിധ വകുപ്പുകൾ പ്രകാരവും പലപ്പോഴായുള്ള കോടതി ഇടപെടലുകളിലൂടെയും (ഉദാ: സ്വത്തവകാശം: മേരി റോയി കേസ്) അത്തരത്തിലുള്ള കാലികമായ മാറ്റങ്ങൾ പല വ്യക്തിനിയമങ്ങളിലും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും അനീതിയും പരിഹരിക്കാനുള്ള ഇടപെടലുകൾ തുടർന്നും സർക്കാരിനും കോടതികൾക്കും നടത്താവുന്നതാണ്. എല്ലാ പൗരന്മാർക്കും ബാധകമായ പല നിയമനിർമ്മാണങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുള്ളതുപോലെ, സ്ത്രീസുരക്ഷയും സ്ത്രീസ്വാതന്ത്ര്യവും മുൻനിർത്തിക്കൊണ്ടുള്ള പ്രത്യേക നിയമനിർമ്മാണവും പരിഗണിക്കാവുന്നതാണ്.

മതപരവും സാംസ്കാരികവുമായ നിയമങ്ങളും കീഴ്‌വഴക്കങ്ങളും രാഷ്ട്രനിയമങ്ങളോട് പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാനുള്ള പ്രാഥമിക ഉത്തരവാദിത്വം അതത് സമൂഹങ്ങൾക്കു തന്നെയാണുള്ളത്. കാലാനുസൃതമായ മാറ്റങ്ങൾ അക്കാര്യങ്ങളിൽ പ്രാബല്യത്തിൽ വരുത്താൻ സമുദായ-മതനേതൃത്വങ്ങൾ തയ്യാറാകണം. പ്രാകൃതമായ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കാൻ ആരെങ്കിലും തയ്യാറാകുന്നില്ലെങ്കിൽ ആധുനിക സമൂഹത്തിൽ അത് ലജ്ജാകരമാണ്. കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസൃതമായ നിയമക്രമീകരണം (codification) നടത്താനുള്ള ചുമതല എക്കാലവും ഭരണകൂടത്തിനുണ്ട്. ആ പ്രക്രിയ എക്കാലവും നടന്നുവരുന്നതാണ്. അതിനാലാണ്, ക്രൈസ്തവ സമൂഹത്തിന്റെ പരമ്പരാഗത രീതികൾ, കീഴ്‌വഴക്കങ്ങൾ തുടങ്ങിയവക്ക്  ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുകയും തികച്ചും ഭരണഘടനാനുസൃതവും പൊതുനിയമങ്ങൾക്ക് പൂർണ്ണമായി വിധേയപ്പെട്ടതുമായ വ്യക്തിനിയമങ്ങൾ പാലിക്കപ്പെട്ടു പോരുകയും ചെയ്യുന്നത്. അത്തരമൊരു തുറവി ഇന്ത്യയിലെ ക്രൈസ്തവ സമൂഹം എക്കാലവും പുലർത്തിവരുന്നുണ്ട്, ഇനിയും അപ്രകാരം തന്നെ ആയിരിക്കും. അടിസ്ഥാനപരമായി ഏകീകൃത സിവിൽ കോഡ് വഴി തിരുത്തിക്കുറിക്കപ്പെടുമെന്നു കരുതപ്പെടുന്ന വിവാഹ, വിവാഹമോചന, ദത്തെടുക്കൽ, പിന്തുടർച്ചാവകാശ, രക്ഷാകർതൃത്വ സംബന്ധമായ കാര്യങ്ങളുടെ പ്രത്യക്ഷതലങ്ങളിലൊന്നും തന്നെ ക്രൈസ്തവ സമൂഹത്തിന് വലിയ ആശങ്കക്ക്  വകയില്ല. എന്നാൽ, മതപരമായ അനുശാസനങ്ങൾ തീരെയും വിലകല്പിക്കപ്പെടാതെ പോയേക്കാം എന്നുള്ളതാണ് ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിലനിൽക്കുന്ന ആശങ്ക. സമീപകാല ഭരണകൂട നിലപാടുകളിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളും ന്യൂനപക്ഷ മതവിഭാഗങ്ങളോട് പുലർത്തിവരുന്ന വിവേചനങ്ങളും പരിഗണിക്കുമ്പോൾ അത്തരമൊരു ആശങ്ക വർധിക്കുന്നു.

“എലിയെ പേടിച്ച് ഇല്ലം ചുടുക” എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, മറ്റു മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാനാവുന്ന ചില വിവേചനങ്ങളെ ചെറുക്കാൻ എല്ലാ വ്യക്തിനിയമങ്ങളെയും ഇല്ലാതാക്കണോ എന്നുള്ളതാണ് അവശേഷിക്കുന്ന ചോദ്യം. ഉച്ചനീചത്വങ്ങളും വിവേചനങ്ങളും അടിച്ചമർത്തലുകളും ഇല്ലാത്ത ഒരു ഇന്ത്യയായിരിക്കണം നാളെയുടെ ഇന്ത്യ എന്നുള്ളതിൽ സംശയമില്ല. എന്നാൽ, അത് ‘നാനാത്വത്തിലെ ഏകത്വം’ കാത്തുസൂക്ഷിക്കുന്ന ഇന്ത്യയും ആയിരിക്കേണ്ടതുണ്ട്. വ്യത്യസ്തതകളുടെ സൗന്ദര്യം എക്കാലവും ഇന്ത്യയുടെ മുഖമുദ്ര തന്നെ ആയിരിക്കണം. അനാവശ്യമായ ചേരിതിരിവുകൾക്കോ, ആശയക്കുഴപ്പങ്ങൾക്കോ, അപകടഭീതികൾക്കോ, അരക്ഷിതത്വ ചിന്തകൾക്കോ ഇടനൽകാതെ സാമുദായിക സൗഹാർദ്ദവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഭരണകൂടങ്ങൾ സവിശേഷശ്രദ്ധ ചെലുത്തണം.

റവ. ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

Latest News