പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ദേശീയ മെഡിക്കല്‍ ഉപകരണ നയം, 2023-ന് അംഗീകാരം നല്‍കി.
ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിന്റെ കരട് സംബന്ധിച്ച സമീപനരേഖ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മെഡിക്കല്‍ ഉപകരണ മേഖല 11 ബില്യണ്‍ ഡോളറില്‍നിന്ന് 50 ബില്യണ്‍ ഡോളറായി വളരുന്നതിനു പുതിയ നയം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് സിംഗ് മാണ്ഡവ്യ പറഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതിനകം നടപടി ആരംഭിച്ചിട്ടുണ്ട്. പിഎല്‍ഐ പദ്ധതിക്കു കീഴില്‍ 1,206 കോടി ലക്ഷ്യമിട്ടുള്ള നിക്ഷേപത്തില്‍ ഇതുവരെ 714 കോടി രൂപയുടെ നിക്ഷേപം നേടിയിട്ടുള്ളതായും 26 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.