പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ (പി.എം.ശ്രീ സ്‌കൂളുകൾക്കു) യ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. രാജ്യമെമ്പാടുമുള്ള 14,500 സർക്കാർ സ്കൂളുകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 മുതൽ അഞ്ചുവർഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവിന്റെ 66 ശതമാനം (18,128 കോടിരൂപ) കേന്ദ്രം വഹിക്കും.
നിലവിലെ സർക്കാർ സ്കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസനയത്തിന് (എൻ.ഇ.പി.) അനുസൃതവുമായ പഠനരീതി ഇവയിൽ നടപ്പാക്കും. സമഗ്രശിക്ഷ പദ്ധതി, കേന്ദ്രീയവിദ്യാലയ സംഘടൻ, നവോദയ വിദ്യാലയസമിതി എന്നിവയിലൂടെയാകും പദ്ധതി നടപ്പാക്കുക. ഇത് 18 ലക്ഷം വിദ്യാർഥികൾക്ക് നേരിട്ട് ഗുണംചെയ്യുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
ദേശീയ വിദ്യാഭ്യാസനയംപ്രകാരം വൈവിധ്യമാർന്ന പശ്ചാത്തലത്തിൽനിന്ന് വരുന്ന കുട്ടികളെയും വ്യത്യസ്തഭാഷ സംസാരിക്കുന്നവരെയും വിവിധ പഠന കഴിവുള്ളവരെയും ഉൾക്കൊള്ളുന്ന സ്കൂൾ അന്തരീക്ഷത്തിൽ ഉയർന്ന ഗുണനിലവാരമുള്ള പഠനം ഉറപ്പാക്കും.