ജമ്മുകാശ്മീര്‍ നാഷണല്‍ ഫ്രണ്ടിനെ (ജെകെഎന്‍എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. യുഎപിഎ നിയമപ്രകാരം അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. നിയമവിരുദ്ധ സംഘടനയായി നയീം അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ജെകെഎന്‍എഫിനെ പ്രഖ്യാപിക്കുകയും ചെയ്തു . ”ജമ്മുകാശ്മീര്‍ നാഷണല്‍ ഫ്രണ്ടിനെ നിരോധിത സംഘടനയായി ഇന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചു”- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
”രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും വെല്ലുവിളിച്ച് ജമ്മുകാശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താനും തീവ്രവാദത്തെ പിന്തുണയ്ക്കാനും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്നതായി കണ്ടെത്തി. ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തീവ്രവാദ ശക്തികളെ പിഴുതെറിയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ‘ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തരായ പ്രതിഷേധക്കാരെ അണിനിരത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജെകെഎന്‍എഫ് പ്രവര്‍ത്തകര്‍ നടത്തിയതായും അറിയിപ്പില്‍ പറയുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി തുകസ്വരൂപിച്ചെന്ന കേസില്‍ 2017 ഓഗസ്റ്റ് 14 മുതല്‍ ജെകെഎന്‍എഫ് നേതാവ് നയീം ഖാന്‍ ജയിലിലാണ്. നയീം കാശ്മീര്‍ താഴ്വരയില്‍ അശാന്തി സൃഷ്ടിക്കുന്നുവെന്ന് എന്‍ഐഎ കുറ്റപ്പെടുത്തിയിരുന്നു.