Monday, November 25, 2024

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്നാണ് രാജ്യത്ത് ജാഗ്രതാ നടപടികള്‍ ആരംഭിക്കുന്നത്. ആഗോളതലത്തിലെ കോവിഡ് സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പാര്‍ലമെന്‍റില്‍ അറിയിച്ചു.

“ബിഎഫ്-7 വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും എത്തുന്നവർക്ക് വിമാനത്താവളങ്ങളില്‍ റാൻഡം പരിശോധന തുടങ്ങി. ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും അടുത്തിടെ കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ആഗോള കോവിഡ് സാഹചര്യം സർക്കാർ നിരീക്ഷിക്കുകയാണ്. കൂടുതൽ ജാഗ്രത നടപടികള്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം” പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് മന്ത്രി വ്യക്തമാക്കി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ ജനങ്ങള്‍ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ക്ക് വ്യക്തതവരും. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Latest News