Sunday, November 24, 2024

‘മിന്നലൈ’ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് യൂണിക്‌ ടൈംസ്

യൂണിക്‌ ടൈംസിന്റെ 2022-ലെ ‘മിന്നലൈ’ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്കാരത്തിനും ദർശന രാജേന്ദ്രൻ മികച്ച നടിക്കുള്ള പുരസ്കാരത്തിനും അര്‍ഹരായി. ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് ജൂലൈ 18-നു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള അംഗീകാരം ലഭിച്ചത്. ‘ജയ ജയ ജയഹേ’ എന്ന ചിത്രത്തിലെ പ്രകടനമാണ് ദർശന രാജേന്ദ്രനെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. രാഷ്ട്രീയകേരളത്തോട് ഒരു ചോദ്യമല്ല, ഒരായിരം ചോദ്യങ്ങളുയർത്തുന്ന ‘കൊത്ത്’ എന്ന സിനിമ സിബി മലയിലിനെ മികച്ച സംവിധായകനുള്ള പുരസ്കാരത്തിന് അർഹനാക്കി. മികച്ച ചിത്രമായി ‘ജനഗണമന’യാണ് തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച സംഗീതസംവിധായകനായി രഞ്ജിൻ രാജും (നൈറ്റ് ഡ്രൈവ്, മാളികപ്പുറം), മികച്ച ക്യാമറാമാൻ ആയി (തല്ലുമാല) ജംഷി ഖാലിദും തിരഞ്ഞെടുക്കപ്പെട്ടു. അഭിലാഷ് പിള്ളയാണ് മികച്ച തിരക്കഥകൃത്ത് (മാളികപ്പുറം, നൈറ്റ് ഡ്രൈവ്).

സംവിധായകരായ സലാം ബാപ്പു, ജയറാം കൈലാസ്, റോയ് മണപ്പള്ളിൽ, നിർമ്മാതാവ് ബാദുഷ എന്നിവരടങ്ങിയ ജൂറി പാനലാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ഫലകമാണ് പുരസ്കാരം.

Latest News