സർവ്വകലാശാലകളിലെ ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട ബില്ലിൽ ഭേദഗതിയുമായി പ്രതിപക്ഷം. ചാൻസിലർ നിയമനത്തിന് പ്രത്യേക സമിതി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന ബില്ലിലാണ് ഭേദഗതിയുമായി പ്രതിപക്ഷം രംഗത്തെത്തിയത്. എല്ലാ സർവ്വകലാശാലകൾക്കുമായി ഒരു ചാൻസിലർ മതിയെന്നാണ് പ്രതിപക്ഷ ഭേദഗതിയിലെ പ്രധാന ആവശ്യം. വിരമിച്ച സുപ്രീം കോടതി ജഡ്ജി, ഹൈകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ചാൻസിലർ സ്ഥലത്തേക്ക് പരിഗണിക്കാം.
നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കാനും പ്രതിപക്ഷം നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തുകയും, ഭൂരിപക്ഷ അടിസ്ഥാനത്തിൽ ചാൻസിലറെ നിയമിക്കുകയും ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.