Monday, November 25, 2024

യുപിഎയ്ക്ക് പകരം പ്രതിപക്ഷ ഐക്യനിര ഇനി മുതല്‍ ഇന്ത്യ എന്ന് അറിയപ്പെടും

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്ക് യുപിഎ എന്നതിനു പകരം പുതിയ പേര് നിശ്ചയിച്ചു. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ് (ഇന്ത്യ) എന്നതാണ് പുതിയ പേര്. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ നേതൃയോഗത്തിലാണ് സഖ്യത്തിനു പുതിയ പേര് നിശ്ചയിച്ചത്.

കഴിഞ്ഞ ദിവസം അത്താഴവിരുന്നിനിടെ സഖ്യത്തിന് പുതിയ പേര് നിർദേശിക്കാൻ 26 പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിശാല പ്രതിപക്ഷ നേതൃയോഗത്തില്‍ രാഹുൽ ഗാന്ധിയാണ് I-N-D-I-A എന്ന പേര് നിർദേശിച്ചത്. എന്നാല്‍ ഈ പേരിനോട് വിവിധ പാർട്ടികൾ ഭിന്നത അറിയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സഖ്യമെന്നതിന് പകരം മുന്നണി എന്നാക്കണമെന്ന് ഇടതുപാർട്ടികൾ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പുതിയ സഖ്യത്തിന്റെ മുഖം ആരായിരിക്കണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. മുംബൈയിൽ ചേരുന്ന അടുത്തയോഗത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എന്നാൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ സഖ്യത്തിന്റെ കൺവീനറായും സോണിയാ ഗാന്ധിയെ അധ്യക്ഷയായി നിയമിച്ചേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്. 2004 മുതൽ 2014 വരെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) ചെയർപേഴ്സണായിരുന്നു സോണിയ ഗാന്ധി.

Latest News