Saturday, February 1, 2025

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം; സുപ്രീം കോടതി ജാമ്യം നല്‍കിയത് 32 വര്‍ഷത്തെ ജയില്‍ വാസവും നല്ലനടപ്പും പരിഗണിച്ച്

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ. ജി. പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹത ഉണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബഞ്ച് ജാമ്യം നല്‍കിയത്. വിചാരണ കോടതി നിര്‍ദേശിക്കുന്ന ഉപാധികള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം പേരറിവാളിന് ജാമ്യം നല്‍കുന്നതിനെ കേന്ദ്രം എതിര്‍ത്തു. പേരറിവാളിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിയ്ക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഹര്‍ജിയെ എതിര്‍ത്തത്.

പുഴല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളന്‍. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്.

1991 ജൂണ്‍ 11നാണ് പേരറിവാളന്‍ അറസ്റ്റിലായത്. 26 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2017 ജനുവരി 24നാണ് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ടുതവണ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. 2021 മെയ് 20നും പേരറിവാളന് പരോള്‍ നല്‍കിയിരുന്നു. 30 ദിവസത്തെ പരോളാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുവദിച്ചിരുന്നത്. പേരറിവാളന്റെ അമ്മ അര്‍പുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു പരോള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പേരറിവാളന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോള്‍ അനുവദിക്കണമെന്നായിരുന്നു അര്‍പുത അമ്മാളിന്റെ അപേക്ഷ.

ജയില്‍മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് പേരറിവാളന്‍. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന കേസിലെ മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്.

 

Latest News